സഞ്ജു പേരിന് പോലുമില്ല, സൂര്യ പൊട്ടിച്ചിരിക്കുന്നു, ഏറ്റവും പുതിയ ഐസിസി റാങ്കിംഗ് പുറത്ത്

Image 3
CricketCricket News

ടി20 ലോകകപ്പിന് തൊട്ടു മുമ്പ് ഏറ്റവും പുതിയ ഐസിസി റാങ്കിംഗ് പുറത്ത്. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 863 റേറ്റിംഗ് പോയന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന സൂര്യകമാറിന് പിന്നില്‍ 788 റേറ്റിംഗ് പോയന്റുമായി ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.

മുഹമ്മദ് റിസ്വാന്‍, ഏയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ആദ്യ അഞ്ചില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആറാം സ്ഥാനത്തുള്ള യശസ്വി ജയ്‌സ്വാള്‍ മാത്രമാണ് സൂര്യകുമാറിന് പുറമെ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം. ലോകകപ്പ് ടീമിലില്ലാത്ത റുതുരാജ് ഗെയ്ക്വാദ് പതിനൊന്നാം സ്ഥാനത്തുണ്ട്. റിങ്കു സിംഗ്(32), വിരാട് കോഹ്ലി(47), രോഹിത് ശര്‍മ(52), ശിവം ദുബെ(71), ഹാര്‍ദ്ദിക് പാണ്ഡ്യ(74) എന്നിങ്ങനെയാണ് ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ താരങ്ങളുടെ റാങ്കിംഗ്.

മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ നൂറ് റാങ്കിലില്ല. ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അര്‍ഷ്ദീപ് സിംഗ് പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കുല്‍ദീപ് യാദവ്(24), യുസ്വേന്ദ്ര ചാഹല്‍(51), ഹാര്‍ദ്ദിക് പാണ്ഡ്യ(66), മുഹമ്മദ് സിറാജ്(86) എന്നിങ്ങനെയാണ് ലോകകപ്പ് ടീമിലുള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ റാങ്കിംഗ്.

ടി20 ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. 264 റേറ്റിംഗ് പോയന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.257 റേറ്റിംഗ് പോയന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 252 റേറ്റിംഗ് പോയന്റുള്ള നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് മൂന്നാമതാണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവര്‍ ആദ്യ അഞ്ചിലുള്ളപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനും പിന്നിലായി പാകിസ്ഥാന്‍ ഏഴാം സ്ഥാനത്താണ്.