ലോകകപ്പിനുളള ടീം ഇന്ത്യയില്‍ നിര്‍ണ്ണായക മാറ്റം, സമ്മിശ്ര പ്രതികരണം

ടി-20 ലോകകപ്പിനായുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡ് ബൈ പട്ടികയിലുണ്ടായിരുന്ന ഷാര്‍ദുല്‍ താക്കൂര്‍ പ്രധാന ടീമിലെത്തിയപ്പോള്‍ പ്രധാന ടീമിലുണ്ടായിരുന്ന അക്‌സര്‍ പട്ടേല്‍ സ്റ്റാന്‍ഡ് ബൈ നിരയിലേക്ക് മാറി.

ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയും സ്പിന്നര്‍ രാഹുല്‍ ചഹാറും ടീമില്‍ തുടരും. യുസ്വേന്ദ്ര ചഹാലിനെ ടീമില്‍ പരിഗണിച്ചില്ല എന്നത് ഞെട്ടിച്ചു.

ഐപിഎലില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഷാര്‍ദ്ദുലിനു തുണയായത്. എന്നാല്‍, ഐപിഎലില്‍ അത്ര തന്നെ മികവോടെ പന്തെറിഞ്ഞ അക്‌സറിനെ റിസര്‍വ് നിരയിലേക്ക് മാറ്റിയത് അമ്പരപ്പിക്കുന്നതായി.

ഏറെക്കാലമായി പന്തെറിയാത്ത ഹര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഐപിഎലില്‍ വളരെ ഗംഭീരമായി പന്തെറിഞ്ഞ യുസ്വേന്ദ്ര ചഹാലിനെ ടീമില്‍ പരിഗണിക്കാതിരുന്നതും അതിശയമായി. മലയാളി താരം സഞ്ജു സാംസണിനേയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചില്ല.

അതെസമയം പുതിയ ടീം ഇന്ത്യയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ഉണ്ടായത്. ചില പുതിയ മാറ്റത്തെ സ്വാഗതം ചെയയ്ുമ്പോള്‍ ചഹലിനേയും സാംസണിനേയും പരിഗണിക്കാത്ത ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് മറ്റ് ചിലര്‍ ഉയര്‍ത്തുന്നത്.

ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍.

You Might Also Like