നിരുപാധികം മാപ്പിരന്ന് ഡികോക്ക്, ഇതാ പുതിയ മനുഷ്യന്‍ ജനിയ്ക്കുന്നു

വംശീയതയ്‌ക്കെതിരേയുള്ള ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ (ബിഎല്‍എം) മൂവ്‌മെന്റില്‍ അണിചേരുന്നതിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട സൂപ്പര്‍ താരം ക്വിന്റണ്‍ ഡികോക്ക് ഒടുവില്‍ തന്റെ തെറ്റ് മനസ്സിലാക്കി. സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡികോക്ക് ഇപ്പോള്‍. സ്വയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെയാണ് ഡികോക്ക് സ്വയം മാപ്പ് പറഞ്ഞത്.

ഇനിയുള്ള മത്സരങ്ങളില്‍ മുട്ടുകുത്തി ബ്ലാക്ക് ലീവ്സ് മാറ്ററില്‍ പിന്തുണ നല്‍കുമെന്നും ഡികോക്ക് വ്യക്തമാക്കി. ഡീകോക്കിനെപ്പോലെ വലിയൊരു ആരാധക പിന്തുണയുള്ള താരത്തില്‍ നിന്നുണ്ടായ ഇത്തരമൊരു പ്രവര്‍ത്തി വലിയ ചര്‍ച്ചയാവുകയും നിരവധി വിമര്‍ശനങ്ങള്‍ ഡികോക്കിനെതിരേ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് താരത്തിന്റെ മാപ്പ് പറച്ചില്‍. ഐപിഎല്‍ അടക്കമുളള ടൂര്‍ണമെന്റുകളില്‍ നിന്ന് ഡികോക്കിനെ പുറത്താക്കാനുളള നീക്കങ്ങളും നടന്നിരുന്നു.

‘എന്റെ സഹതാരങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ചുകൊണ്ട് തുടങ്ങട്ടെ. ഇത്രയും വലിയൊരു പ്രശ്നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്നില്ല. വംശീയതക്കെതിരേ നിലപാടെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുന്നു. കായിക താരമെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നതും മനസിലാക്കുന്നു. ഞാന്‍ മുട്ടുകുത്തിയാല്‍ മറ്റുള്ളവരെ അത് കൂടുതല്‍ ബോധവാന്മാരാക്കും. കൂറേ ആളുകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കും. അതിനാല്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് സന്തോഷം മാത്രമാണുള്ളത്’ -ഡീകോക്ക് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

തന്റെ പ്രവര്‍ത്തിമൂലം വേദനിച്ച എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള ക്ഷമാപണം നടത്തിയ ഡീകോക്ക് തന്റെ കുടുംബ പശ്ചാത്തലെത്തെക്കുറിച്ചും വിശദീകരിച്ചു. എല്ലാവര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും എല്ലാവരും ഒരുപോലെ പ്രധാനപ്പെട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും വിവാദമായി സംഭവം മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡീകോക്ക് കുറിച്ചു.

എന്റെ ടീമിലെ ഓരോ സഹതാരത്തെയും സ്നേഹിക്കുന്നുവെന്നും ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നതിലും കൂടുതലൊന്നുമില്ലെന്നും ഈ പ്രതിസന്ധി സമയത്തും പിന്തുണക്കും മനസിലാക്കുകയും ചെയ്തവരാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരങ്ങളെന്നും ഡീകോക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനുള്ളില്‍നിന്ന് തന്നെ വംശീയതുടെ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞ് പലതാരങ്ങളും രംഗത്തെത്തിയിരുന്നു. പേസര്‍ ലൂങ്കി എന്‍ഗിഡിയടക്കം പലരും നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ അപമാനിക്കപ്പെട്ട സംഭവം ലോകത്തിന്റെ മുന്നില്‍ തുറന്ന് പറഞ്ഞിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ എബി ഡിവില്ലിയേഴ്സിനെതിരേ പോലും ആരോപണം ഉയര്‍ന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിലെ താരങ്ങളായ കീറോണ്‍ പൊള്ളാര്‍ഡ്,ഡ്വെയ്ന്‍ ബ്രാവോ,ഡാരന്‍ സമി,മര്‍ലോന്‍ സാമുവല്‍സ് എന്നിവരെല്ലാം ഇത്തരം ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

You Might Also Like