രക്ഷകനായി കോഹ്ലി, പൊരുതാനുളള സ്‌കോറുമായി ടീം ഇന്ത്യ, എന്തും സംഭവിക്കാം

ടി20 ലോകകപ്പിലെ ബദ്ധവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 151 റണ്‍സ് വിജയലക്ഷ്യം. മികച്ച ലൈനിംലും ലെഗ്ത്തിലും പന്തെറിഞ്ഞ പാക് ബൗളര്‍മാരുടെ പോരാട്ട വീര്യത്തിന് മുന്നില്‍ തലകുനിയ്ക്കാതെ പോരാടിയ കോഹ്ലിയുടെ നേതൃത്വത്തിലുളള സംഘം ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് തരക്കേടില്ലാത്ത ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിലെത്തിച്ചത്.

മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യ പകുതി തോറ്റാണ് തുടങ്ങിയത്. ടോസ് വിജയം പാകിസ്ഥാനായിരുന്നു. ഇതോടെ ദുബൈയില്‍ ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ഗോള്‍ഡണ്‍ ഡെക്കായി രോഹിത്ത് ശര്‍മ്മ പുറത്തായി. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് രോഹിത്ത് പുറത്തായത്.

മൂന്നാം ഓവറിലും വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. കെഎല്‍ രാഹുലിന്റെ കുറ്റിപിഴുതാണ് ഷഹീന്‍ പ്രഹരമേല്‍പിച്ചത്. പിന്നീട് കോഹ്ലിയും സൂര്യകുമാറും രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ടീം സ്‌കോര്‍ 31ല്‍ നില്‍ക്കെ സൂര്യയും വീണു. എട്ട് പന്തില്‍ 11 റണ്‍സെടുത്ത സൂര്യയെ ഹസന്‍ അലി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നീടാണ് ഇന്ത്യയ്ക്ക് ആശ്വാസമായ കൂട്ടുകെട്ടുമായി റിഷഭ് പന്തും വിരാട് കോഹ്ലിയും കളം നിറഞ്ഞത്. ഇരുവരും നാലാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റിഷഭ് പന്തില് 30 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 39 റണ്‍സാണ് നേടിയത്. ഷാദാബ് ഖാനാണ് പന്തിന്റെ വിക്കറ്റ്.

എന്നാല്‍ കോഹ്ലി തലുകനിയ്ക്കാന്‍ തയ്യാറായില്ല. അതിനിടെ 13 പന്തില്‍ 13 റണ്‍സെടുത്ത് ജഡേജയും മടങ്ങി. കോഹ്ലിയുടെ ചെറുത്ത് നില്‍പ്പിനും അധികം ആയുസുണ്ടായില്ല. തന്റെ നാലാം ഓവറില്‍ അഫ്രീദി കോഹ്ലിയെ വീഴ്ത്തി. 49 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്.

അവസാന ഓവറില്‍ 11 റണ്‍സുമായി ഹാര്‍ദ്ദിക്കും പുറത്തായതോടെ ഇന്ത്യയുടെ വിക്കറ്റ് വീഴ്ച്ച ഏഴായി. മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് റണ്‍സുമായി ഭുവനേശ്വര്‍ കുമാറും റണ്‍സൊന്നും എടുക്കാതെ മുഹമ്മദ് ഷമിയും ക്രീസിലുണ്ടായിരുന്നു.

പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് നിര്‍ണ്ണായക വിക്കറ്റെടുത്തു. ഹസന്‍ അലി രണ്ടും ഷാദാബ് ഖാനും ഹാരിസ് റൗഫും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

You Might Also Like