മൊട്ടേര ദുരന്തം, ഐസിസിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഇംഗ്ലീഷ് താരങ്ങള്‍

Image 3
CricketTeam India

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേരയിലെ പിച്ച് ശരാശരി നിലവാരം ഉണ്ടായിരുന്നു എന്ന് വിധിയെഴുതിയ ഐസിസിക്കെതിരെ ഇംഗ്ലീഷ് താരങ്ങള്‍. ആദ്യ പന്ത് മുതല്‍ തകര്‍ന്ന ഒരു പിച്ച് എങ്ങനെയാണ് ശരാശരി ആവുന്നത് എന്നാണ് മുന്‍ താരം ഡേവിഡ് ലോയിഡ ചോദിക്കുന്നത്.

ഐസിസിയോട് ഒരു വലിയ ചോദ്യം. അതൊരു ശരാശരി പിച്ച് ആയിരുന്നു എങ്കില്‍ ആദ്യ പന്ത് മുതല്‍ ശിഥിലമാവുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള അതുപോലത്തെ പിച്ചുകള്‍ ശരാശരി ആയി കണക്കാക്കുമോ? എന്തായാലും ഞാന്‍ മറുപടി പ്രതീക്ഷിക്കുന്നില്ല, ലോയിഡ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും വിമര്‍ശനവുമായി എത്തിയിരുന്നു. ശരാശരിക്കും താഴെ റേറ്റ് ചെയ്ത പിച്ചുകളുമായി താരതമ്യം ചെയ്യാന്‍ താത്പര്യമുണ്ടെന്നാണ് സ്റ്റുവര്‍ട്ട് ബ്രോഡ് പ്രതികരിച്ചത്. വിസ്ഡന്‍ ക്രിക്കറ്റിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു ബ്രോഡിന്റെ കമന്റ്.

മോട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയായ പിച്ചില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ഇതോടെ വലിയ വിമര്‍ശനങ്ങളാണ് പിച്ചിന് എതിരെ ഉയര്‍ന്നത്. 112, 81 എന്നീ സ്‌കോറുകള്‍ക്കാണ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പുറത്തായത്. ഇതോടെ മൈക്കല്‍ വോണ്‍, അലസ്റ്റിയര്‍ കുക്ക് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം പിച്ച് തയ്യാറാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് എത്തി.

നാലാം ടെസ്റ്റ് നടന്ന മൊട്ടേരയിലെ പിച്ചിനെ ഗുഡ് എന്നാണ് ഐസിസി വിലയിരുത്തിയിരിക്കുന്നത്.