ഇറ്റലിയിലേക്കുള്ള മടങ്ങി വരവിനൊരുങ്ങി മൗറോ ഇക്കാർഡി, ഇന്റർമിലാനു വൻ തിരിച്ചടി

പിഎസ്‌ജിയിൽ മുട്ടിനേറ്റ പരിക്കുമൂലം പുറത്തിരിക്കുന്ന അർജന്റൈൻ സൂപ്പർതാരമാണ് മൗറോ ഇക്കാർഡി. താരത്തെ പിഎസ്‌ജിയിൽ നിന്നും റാഞ്ചാൻ പദ്ധതിയിട്ടിരിക്കുകയാണ് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാൻ. നിലവിൽ ഇറ്റാലിയൻ ലീഗ് പോയിന്റ് ടേബിളിൽ നാലു വിജയവുമായി ഒന്നാം സ്ഥാനത്തു തുടരുന്ന എസി മിലാൻ ഇബ്രാഹിമോവിച്ചിനൊപ്പം ഇകാർഡിയെയും സ്വന്തം തട്ടകത്തിലെത്തിച്ച് ആക്രമണത്തിന് മൂർച്ച കൂട്ടാനുള്ള ശ്രമത്തിലാണ്.

അതിനായി ഇകാർഡിയുടെ ഭാര്യയും ഏജന്റുമായ വാൻഡ നരയുടെ സഹായം തേടാനുള്ള നീക്കവും മിലാൻ തുടങ്ങിക്കഴിഞ്ഞു. കുട്ടികളെ ഇറ്റലിയിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോവാനുള്ള വാൻഡ നരയുടെ ആഗ്രഹവും മിലാനു മുതലെടുക്കാനാവും. ഇറ്റലിയിലെ മിലാനിലെ ജീവിതശൈലിയുമായി പരിചയമുള്ളതിനാൽ തിരിച്ചു പോക്കിന് തന്നെയാണ് താരവും ശ്രമിക്കുന്നത്.

ചിരവൈരികളായ ഇന്റർ മിലനേക്കാൾ ഒരു മത്സരം കുറവ് കളിച്ചിട്ടും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മിലാന്റെ സ്ഥാനം. എഴുവർഷം ഇന്ററിന്റെ സുപ്രധാന താരമായിരുന്നു തുടർന്ന മുൻതാരത്തെ സ്വന്തമാക്കുന്നതോടെ പത്തു വർഷത്തിനു ശേഷം ലീഗ് കിരീടത്തിനായി വലിയ വെല്ലുവിളിയുയർത്താൻ തന്നെയാണ് മിലാന്റെ ശ്രമം.

അന്റോണിയോ കോണ്ടേ തന്റെ പദ്ധതിയിൽ ഇകാർഡിയില്ലെന്നു വ്യക്തമാക്കിയതോടെയാണ് 52 മില്യൺ യൂറോക്ക് നാലു വർഷത്തെ കരാറിൽ പിഎസ്‌ജിയിലേക്ക് കൂടുമാറുന്നത്. പുതിയ സീസണിൽ നിലവിൽ പിഎസ്‌ജിക്കായി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ നിന്നായി 20 ഗോളുകൾ നേടാനും താരത്തിനു സാധിച്ചിരുന്നു. എന്നാലിപ്പോൾ എസി മിലാൻ താത്പര്യം പ്രകടിപ്പിച്ചതോടെ ഇറ്റലിയിലേക്കുള്ള തിരിച്ചുവരവിനാണ് കളമൊരുങ്ങുന്നത്.

You Might Also Like