ഇന്ത്യയെ കുറിച്ച് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല, ബ്ലാസ്‌റ്റേഴ്ത്തിയ കഥ വിശദീകരിച്ച് സൂപ്പര്‍ താരം

Image 3
FootballISL

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ കഥ വിശദീകരിച്ച് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം. കഴിഞ്ഞ ദിവസം സ്‌പോട്‌സ് കീഡയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹ്യൂം ഇന്ത്യയിലെത്തിയ രസകരമായ കഥ വിവരിച്ചത്.

ലസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന്‍ നേടിയിരുന്ന സമയം അവരെക്കുറിച്ച് അഭിമുഖങ്ങള്‍ നടത്തുന്ന ഒരു കനേഡിയന്‍ കമ്പനിയുടെ പ്രതിനിധിയാണ് തന്നെ ഇന്ത്യയിലേക്ക് എത്തിക്കാനുളള കാരണക്കാരനായി ഹ്യൂം പറയുന്നത്. അഭിമുഖത്തിന് ഒടുവില്‍ ഇന്ത്യയില്‍ പുതിയ ലീഗ് ആരംഭിക്കാന്‍ പോകുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നോ എന്ന് അദ്ദേഹം തന്നോട് ചോദിച്ചു’ ഹ്യൂം പറയുന്നു.

ആ സമയം താന്‍ ഐലീഗിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നുവെന്നും ബൈച്ചുംഗ് ബൂട്ടിയ ഒഴിച്ച് ഇന്ത്യന്‍ ഫുട്‌ബോളിലെ ഒന്നിനെക്കുറിച്ചും തനിക്ക് അറിവില്ലായിരുന്നെന്നും ഓര്‍ക്കുന്നു. ബൂട്ടിയയെ അറിയാന്‍ കാരണം അദ്ദേഹം 1990കളുടെ അവസാനം ഇംഗ്ലണ്ടിലെത്തിയിരുന്നെന്നും ഹ്യൂം പറയുന്നു.

അന്ന് ഒരു ക്ലബ്ബുമായും കരാറില്ലാതിരുന്ന താന്‍ ഇംഗ്ലണ്ട് ഫുട്‌ബോളിലെ രാഷ്ട്രീയത്തില്‍ അസ്വസ്ഥനായിരുന്നെന്നും അത് കൊണ്ടു തന്നെ ഐഎസ്എല്‍ സംഘാടകരുമായി ബന്ധപ്പെടുകയായിരുന്നെന്നും അങ്ങനെയാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തപ്പെട്ടതെന്നും ഹ്യൂം കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനായത് ദശലക്ഷം വര്‍ഷം കഴിഞ്ഞാലും താന്‍ മറക്കില്ലെന്നും ജീവിതത്തിലെ വഴിത്തിരിവായിരുന്നെന്നും ഹ്യൂം വിലയിരുത്തുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകരേയും എടികെ ആരാധകരേയും ഹ്യൂം പതിവ് പോലെ പ്രശംസകൊണ്ട് മൂടി.