കൊച്ചിയില്‍ മറ്റൊരു ക്ലബിനായി കളിക്കാനൊരുങ്ങി ഇയാന്‍ ഹ്യൂം

Image 3
Uncategorized

ഉദ്ഘാടന സീസണിലെ ഹീറോ ഓഫ് ദി ലീഗ്, 2016 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്‍, രണ്ടുതവണ ഫൈനലിസ്റ്റ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സര ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാള്‍, അങ്ങനെ എണ്ണമറ്റ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് കേരളബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം ഇയാന്‍ ഹ്യൂം. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ അഞ്ച് സീസണുകളിലാണ് ഇയാന്‍ ഹ്യൂം കളിച്ചിരുന്നത്.

രണ്ട് സീസണുകളില്‍ വീതം എടികെ എഫ്‌സിയോടൊപ്പവും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയോടൊപ്പവും ഒരു സീസണില്‍ എഫ്‌സി പൂണെ സിറ്റിയോടൊപ്പവും കളത്തിലിറങ്ങിയ കനേഡിയന്‍ ഇന്റര്‍നാഷണല്‍ 2019-20 സീസണില്‍ ലീഗ് മത്സരങ്ങളുടെ വിലയിരുത്തല്‍ ചര്‍ച്ചകളുമായി ടെലിവിഷന്‍ സ്‌ക്രീനിലും സജീവമായിരുന്നു.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് ഇയാന്‍ ഹ്യൂമിനെ കുറിച്ച് പുറത്ത് വരുന്നത്. കനേഡിയന്‍ താരം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സ്പോട്സ് അക്കാദമി തുടങ്ങുന്നു എന്നതാണ് അത്. മികച്ച യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഇയാന്‍ ഹ്യൂം കൊച്ചിയിലടക്കം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സ്പോട്സ് അക്കാദമി തുടങ്ങുന്നത്. ഇതിനുളള പ്രാരംഭ നടപടിള്‍ ആരംഭിച്ചതായാണ് ലഭ്യമാകുന്ന വിവരം.

ഐഎസ്എല്‍ ഉദ്ഘാടനസീസണ്‍ മുതല്‍ ഒരു കളിക്കാരനെന്ന നിലയിലും, ശേഷം ലീഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുന്ന വ്യക്തിയെന്ന നിലയിലും, ഇയാന്‍ ഹ്യൂമിന് ഇന്ത്യന്‍ സാഹചര്യം ശരിക്കും മനസ്സിലാക്കാനായിട്ടുണ്ട്. ഇത് പ്രയോജപ്പെടുത്തി തന്റെ അനുഭവ സമ്പത്തും കോര്‍ത്തിണക്കിയാകും ഹ്യൂം അക്കാദമിയ്ക്ക് നേതൃത്വം നല്‍കുക. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നേയുളളു.

ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന എഫ്‌സി കൊച്ചിയുടെ ഭാഗമായി ഹ്യൂം എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്ലെയേഴ്‌സ് കം കോച്ചായി ആയിരിക്കും ഹ്യൂം എഫ്‌സി കൊച്ചിയുടെ ഭാഗമാകുക. സെക്കന്റ് ഡിവിഷന്‍ ഐലീഗ് മത്സരം കാണാന്‍ ഹ്യൂം തൃശൂറിലെത്തിയത് മുതല്‍ എഫ്‌സി കൊച്ചി മാനേജുമെന്റുമായി നല്ല ബന്ധമാണ് താരത്തിനുളളത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്റെ നേതൃത്വത്തിലുളള ക്ലബാണ് എഫ്‌സി കൊച്ചി. കേരള പ്രീമിയര്‍ ലീഗില്‍ ഈ ടീം കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ ടീം പൂട്ടിപോകുകയായിരുന്നു. മഹാരാജാസ് കോളേജ് ഗ്രൗണ്ട് ആയിരുന്നു ഇവരുടെ ഹോം ഗ്രൗണ്ട്.