കോഹ്ലിയല്ല; പേടിക്കേണ്ടത് ഈ താരത്തെ, ഓസീസിന് ചാപ്പലിന്റെ മുന്നറിയിപ്പ്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം അവധിയിൽ പ്രവേശിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് പകരം അജിൻക്യ രഹാനെയായിരിക്കും ടീം ഇന്ത്യയെ നയിക്കുക. എന്നാൽ ഈ തീരുമാനം ഇന്ത്യൻ ടീമിന് ഗുണമാകാനാണ് സാധ്യതയെന്നാണ് ഓസ്‌ട്രേലിയൻ ഇതിയാസം ഇയാൻ ചാപ്പലിന്റെ വിലയിരുത്തൽ. ഡിസംബർ 17ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രഹാനെയായിരിക്കും ഇന്ത്യയെ നയിക്കുക.

ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ അക്രമണോത്സുക മനോഭാവമുള്ള നായകനാണ് രഹാനെയെന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ ചാപ്പലിന്റെ വിലയിരുത്തൽ. 2017ലെ ധര്‍മശാല ടെസ്റ്റ് ഉദാഹരണമായി ചാപ്പൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസീസിനെതിരെ ഈ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് രഹാനെ ആയിരുന്നു. ടെസ്റ്റ് മത്സരം ജയിച്ചു ഇന്ത്യ പരമ്പര നേടിയതിന്റെ പ്രധാന കാരണം രഹാനെയുടെ അക്രമണോത്സുകതയാണെന്നാണ് ചാപ്പലിന്റെ വിലയിരുത്തൽ.

മത്സരത്തിൽ ഇന്ത്യൻ പേസർമാർക്ക് മേൽ വ്യക്തമായ ആധിപത്യം നേടി മുന്നേറിയ ഡേവിഡ് വാർണറെ പുറത്താക്കാൻ അരങ്ങേറ്റക്കാരനായ കുൽദീപ് യാദവിനെ കൊണ്ട് പന്തെറിയിച്ചത് നിർണായകമായെന്ന് ചാപ്പൽ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ തന്നെ രണ്ടാം ഇന്നിംഗ്സില്‍ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി പ്രതിസന്ധിയിലായപ്പോൾ ടീമിന്റെ ഭാരം ചുമലിലേറ്റിയ രഹാനെ പതിവിന് വിപരീതമായി ആക്രമണ ബാറ്റിംഗിലൂടെ (27 പന്തില്‍ 38) ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതും ചാപ്പൽ ഓർമ്മിക്കുന്നു.

ആക്രമണോത്സുക ശൈലി സ്വീകരിക്കുന്ന ക്യാപ്റ്റന്മാർക്ക് മാത്രമേ ആധുനിക ക്രിക്കറ്റിൽ തിളങ്ങാനാവൂ എന്നാണ് ചാപ്പലിന്റെ പക്ഷം. ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും ഡേവിഡ് വാര്‍ണര്‍ കളിക്കാനില്ലാത്തത് ആദ്യ ടെസ്റ്റിൽ ആതിഥേയർക്ക് കാര്യങ്ങൾ എളുപ്പമാക്കില്ല എന്നാണ് ചാപ്പലിന്റെ വിലയിരുത്തൽ.

വാര്‍ണര്‍, ലൂക്ക് പുക്കോവ്സ്കി എന്നിവരുടെ അഭാവത്തിനൊപ്പം ജോണ്‍ ബേണ്‍സിന്റെ ഫോമില്ലായ്മയും ഓസീസിന് വെല്ലുവിളിയാണ്. ഇത് മധ്യനിരയിൽ സ്റ്റീവ് സ്മിത്തിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും ഉത്തരവാദിത്തം കൂട്ടും. സ്മിത്തിനെ എത്രയും വേഗം പുറത്താക്കാനായാൽ ഇന്ത്യൻ ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമാകും.

You Might Also Like