ഐപിഎല്‍ നിര്‍ത്തിവെച്ചില്ലായിരുന്നെങ്കില്‍ പിന്മാറുമായിരുന്നു, തുറന്നടിച്ച് ഇന്ത്യന്‍ താരം

കോവിഡ് മഹാമാരി രൂക്ഷമായതോടെ ഐപിഎല്‍ നിര്‍ത്തിവച്ചില്ലായിരുന്നെങ്കില്‍ പിന്മാറിയേനെ എന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം യുസ്വേന്ദ്ര ചഹാല്‍. മാതാപിതാക്കള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കൊപ്പം താന്‍ ഉണ്ടാവണമെന്നായിരുന്നു ആഗ്രഹം. വീട്ടില്‍ അവര്‍ ഒറ്റക്കായിരിക്കുമ്പോള്‍ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ബുദ്ധിമുട്ടായിരുന്നു എന്നും ചഹാല്‍ പറഞ്ഞു.
”മാതാപിതാക്കള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു എന്ന് കേട്ടതിനെ തുടര്‍ന്ന് ഐപിഎലില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍ ആലോചിച്ചിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ ഒറ്റക്കായിരിക്കുമ്പോള്‍ എങ്ങനെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മെയ് മൂന്നിനാണ് അവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഐപിഎല്‍ മാറ്റിവച്ചു’ ചഹല്‍ പറയുന്നു.
‘പിതാവിന്റെ ഓക്‌സിജന്‍ നില 85-86ലേക്ക് താഴ്ന്നിരുന്നില്ല. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. കഴിഞ്ഞ ദിവസം അദ്ദേഹം വീട്ടില്‍ തിരികെ എത്തി. പക്ഷേ, ഇപ്പോഴും അദ്ദേഹം നെഗറ്റീവായിട്ടില്ല. എന്നാല്‍ ഓക്‌സിജന്‍ നില മെച്ചപ്പെട്ടു. അതൊരു വലിയ ആശ്വാസമാണ്.”- ചഹാല്‍ പറഞ്ഞു.
ആറോളം താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകന്‍ എല്‍ ബാലാജി, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അമിത് മിശ്ര, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടേയാണ് ബിസിസിഐയുടെ തീരുമാനമെത്തിയത്.