അടുത്ത ഐപിഎല്ലില്‍ 600 റണ്‍സടിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റും, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ പതിനെട്ടാം അടവും പുറത്തെടുക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ താരം നിതീഷ് റാണ. ഐപിഎല്‍ അടുത്ത സീസണില്‍ അറുനൂറിലധികം റണ്‍സ് നേടുകയെന്നതാണ് തന്റെ ലക്ഷ്യം എന്നും അങ്ങനെ ചെയ്താല്‍ സെലക്ടര്‍മാര്‍ക്ക് തന്നെ അവഗണിക്കാനാകില്ലെന്നും റാണ പറഞ്ഞു.

താന്‍ തന്റെ കഴിവിന്റെ നൂറ് ശതമാനവും പുറത്തെടുക്കുമെന്നും തനിക്ക് അത് മാത്രമേ ചെയ്യാനാകുകയുള്ളുവെന്നും ബാക്കിയെല്ലാം സെലക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും റാണ വ്യക്തമാക്കി. ഇന്ത്യ ടുഡെയോട് സംസാരിക്കുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം.

‘എനിക്ക് റണ്‍സ് നേടാനും ബാക്കി സെലക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കാനുമേ കഴിയൂ. ഐപിഎല്ലിലെ ഓരോ സീസണിലും 400 റണ്‍സ് നേടുമ്പോഴും എന്നെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ അത് 600 റണ്‍സ് ആയി ഉയര്‍ത്താന്‍ ഞാന്‍ ശ്രമിക്കും’ റാണ പറഞ്ഞു.

കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയില്‍ നിതീഷ് റാണയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ടി20യിലും ഏകദിനത്തിലും അരങ്ങേറാനും നിതീഷിന് കഴിഞ്ഞു. പിന്നീടൊരിക്കലും അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചില്ല, എന്നാല്‍ ഇടംകൈയ്യന്‍ ബാറ്റര്‍ 2023 ലെ ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

‘ശ്രീലങ്കയിലെ എന്റെ ബാറ്റിംഗ് പൊസിഷനില്‍ എനിക്ക് അസ്വസ്ഥതയുണ്ടായിരുന്നു, പക്ഷേ ഒഴികഴിവ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ 500-ലധികം റണ്‍സ് നേടി ശ്രദ്ധ നേടാന്‍ ഞാന്‍ പരമാവധി ശ്രമിക്കും’ നിതീഷ് റാണ കൂട്ടിച്ചേര്‍ത്തു.

 

You Might Also Like