തന്റെ ബയോപിക്കില്‍ ആ മലയാളി യുവ നടന്‍ നായകനാകണം, ആഗ്രഹം പങ്കുവെച്ച് റെയ്‌ന

തന്റെ ബയോപിക്ക് സിനിമയാക്കിയാല്‍ ആര് നായകനാകണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഒരു ഇന്‍സ്റ്റഗ്രാം ലൈവ് അഭിമുഖ പരിപാടിയിലാണ് താരം തന്റെ ബയോപിക്കില്‍ ആര് നായകനാകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്.
താങ്കളുടെ ജീവിതത്തെ ഉപജീവിച്ച് ഒരു ചിത്രമെടുത്താല്‍ ആര് നായകനാകുമെന്നായിരുന്നു അഭിമുഖകാരിയുടെ ചോദ്യം. സിഎസ്‌കെയ്ക്കായി ഐപിഎല്‍ കളിച്ച് അവരുടെ ജീവിതത്തന്റെ ഭാഗമായ തന്റെ ജീവിതം സിനിമയാക്കുമ്പോള്‍ അതൊരു തെന്നിന്ത്യന്‍ നടന്‍ തന്നെ ആയിരിക്കണമെന്നായിരുന്നു റൈനയുടെ പ്രതികരണം. ഒരു താരത്തിന്റെ പേരുപറയാന്‍ നിര്‍ബന്ധിച്ചപ്പോഴും താരം അധികം തലപുകച്ചില്ല. ഉടന്‍ വന്നു ഉത്തരം; സൂര്യ, അല്ലെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍.
തെന്നിന്ത്യയില്‍നിന്നുള്ള നടന്‍ വേണമെന്ന് റെയ്‌ന വെറുതെ പറഞ്ഞതല്ല. അതിനുള്ള വ്യക്തമായ കാരണവും താരത്തിനുണ്ട്. ചെന്നൈയും ചെന്നൈ സൂപ്പര്‍ കിങ്സും തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസിലാകുന്ന ഒരാളായിരിക്കണം തന്റെ ജീവിതം അഭിനയിക്കേണ്ടത്. അത് തെന്നിന്ത്യന്‍ നടന്മാര്‍ക്കാകും സാധിക്കുക. ഇന്ത്യയ്ക്കും സിഎസ്‌കെയ്ക്കും വേണ്ടി കളിക്കുക ചില്ലറ കാര്യമല്ല. ആ വികാരം കൃത്യമായി അഭ്രപാളികളില്‍ ഫലിപ്പിക്കാന്‍ കഴിയുന്നവരാകണം തന്റെ ജീവിതചിത്രത്തില്‍ അഭിനയിക്കാനെന്നും റൈന കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയ്ക്കു വേണ്ടി 226 ഏകദിനങ്ങളില്‍നിന്നായി 35.3 ശരാശരിയില്‍ 5,616 റണ്‍സും 78 ടി20 മത്സരങ്ങളില്‍നിന്ന് 29.2 ശരാശരിയോടെ 1,605 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട് സുരേഷ് റൈന.
18 ടെസ്റ്റുകളില്‍ ഇന്ത്യന്‍ കുപ്പായമിട്ടതില്‍ 768 റണ്‍സും നേടി. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെയുടെ അവിഭാജ്യ ഘടകമായി തുടരുകയാണ് താരം.