സഞ്ജുവിനെ നായകനാക്കണം, അല്ലെങ്കില്‍ പുറത്താക്കണം, തുറന്നടിച്ച് ഇന്ത്യന്‍ താരം

Image 3
CricketIPL

മലയാളി താരം സഞ്ജു വി സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ നന്നാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രാജസ്ഥാന്‍ റോയല്‍സിന് ആവശ്യം ഇന്ത്യന്‍ നായകനാണെന്നും സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സി രാജസ്ഥാന് ഒരു വിധത്തിലും ഗുണം ചെയ്യുന്നില്ലെന്നും ചോപ്ര നിരീക്ഷിക്കുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര ഇക്കാര്യം പറയുന്നത്. അതെസമയം ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ ചോപ്ര തയ്യാറായില്ല. ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തേണ്ടതെന്നും ചോപ്ര പറയുന്നു.

രാജസ്ഥാനില്‍ നിലനിര്‍ത്താന്‍ മാത്രം മൂല്യമുളള ഇന്ത്യന്‍ താരങ്ങളിലെല്ലന്നാണ് ചോപ്രയുടെ പക്ഷം.

’12 കോടിയോ, ഏഴരക്കോടിയോ കൊടുത്ത് നിലനിര്‍ത്താന്‍ മാത്രമുളള ഇന്ത്യന്‍ താരങ്ങളെ രാജസ്ഥാനില്‍ ഞാന്‍ കാണുന്നില്ല. സഞ്ജു സാംസണ്‍, രാഹുല്‍ തെവാത്തിയ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപല്‍ തുടങ്ങിയവര്‍ ഇത്ര പണം അര്‍ഹിക്കുന്നില്ല’ ചോപ്ര പറയുന്നു.

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കളിക്കാതെ പുറത്തായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അതിനാല്‍ തന്നെ ഐപിഎല്‍ 14ാം സീസണില്‍ വലിയ മുന്നൊരുക്കങ്ങളാണ് രാജസ്ഥാന്‍ നടത്തുന്നത്. ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തുമെന്നും ഏതെല്ലാം താരങ്ങളെ പുറത്താക്കുമെന്നുമുളള വലിയ ചര്‍ച്ചയാണ് രാജസ്ഥാന്‍ ടീമിനുളളില്‍ നടക്കുന്നത്.