ലയനം, ബഗാനുമായി കരാറുളള താരങ്ങള്‍ക്ക് എന്ത് സംഭവിക്കും?

Image 3
FootballISL

മൂന്ന് തവണ ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കളിക്കാന്‍ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാന്‍ ലയിച്ചതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫുട്‌ബോള് വാര്‍ത്ത. ഇതോടെ മോഹന്‍ ബഗാനില്‍ കളിച്ചിരുന്ന താരങ്ങളുടെ ഭാവി കൂടുതല്‍ സങ്കീര്‍ണമായി.

ആറ് താരങ്ങളൊഴികെ മറ്റെല്ലാ താരങ്ങളുമായുളള മോഹന്‍ ബഗാന്റെ കരാര്‍ ഈ വര്‍ഷം അവസാനിച്ചിരുന്നു. ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷങ്ങള്‍ വരെ കരാറുളള ആറ് താരങ്ങളാണ് ഇനി ബഗാന്‍ ടീമില്‍ അവശേഷിക്കുന്നത്.

ബഗാന്‍ അക്കാദമി താരങ്ങളായ സുഭോ ഘോഷ്, എസ്‌കെ സാഹില്‍, ദീപ് ഷാ, കിയാന്‍ നസ്‌റി എന്നവരുമായി 2019-20 സീസണ് മുമ്പ് തന്നെ നാല് വര്‍ഷത്തോളം കരാറില്‍ ബഗാന്‍ ഒപ്പ് വെച്ചിരുന്നു. വിദേശതാരങ്ങളായ ലാല്‍റംസുവ കിന്‍ഗ്‌തെയും ഫ്രാന്‍ ഗോണ്‍സാലസുമായി ബഗാന് 2021 വരെ കരാറുണ്ട്.

മോഹന്‍ ബഗാന്‍ ഇതിനോടകം തന്നെ തങ്ങള്‍ക്ക് താല്‍പര്യമുളള താരങ്ങളുമായി ഒരു കാരാറിന് ഒപ്പിട്ടിട്ടുണ്ട്.

‘അവരോടെല്ലാം ഒരു കരാറില്‍ ഞങ്ങളെത്തിയിട്ടുണ്ട്. ചില താരങ്ങളെ ലയനത്തോടെ പുതിയ ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്. മറ്റ് ചിലരോട് ക്ലബ് വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. ഏന്തൊക്കെയാണ് കൂടുതല്‍ വിശദാംശങ്ങളെന്ന് പിന്നീട് വെളിപ്പെടുത്തും’ മോഹന്‍ ബഗാന്‍ ഫിനാഷ്യല്‍ സെക്രട്ടറിയും എടികെ-മോഹന്‍ ബഗാന്‍ ബോര്‍ഡ് മെമ്പറുമായ ദോബാഷിഷ് ദത്ത ഗോള്‍ ഡോട്ട് കോമിനോട് പറഞ്ഞു.

അതായത് മോഹന്‍ ബഗാന്‍ അക്കാദമി താരങ്ങളുമായി എടികെ-കൊല്‍ക്കത്ത ക്ലബ് പുതിയ കരാര്‍ ഒപ്പിട്ടിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാനാകുന്നത്. ഇതില്‍ സുഭോ ഘോഷിനേയും എസ്‌കെ സാഹിലിനേയും ഹബാസിന് കീഴിലുളള സീനിയര്‍ ടീമിലേക്കും ദീപ് സാഹ കിയാന്‍ നസ്‌റി എന്നവിരെ എടികെ-മോഹന്‍ ബഗാന്‍ റിസര്‍വ്വ് ടീമിലേക്കുമാണ് പരിഗണിച്ചിരിക്കുന്നത്.

ഫ്രാന്‍ ഗോണ്‍സാലസ് ആകട്ടെ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ നിരവധി ഐഎസ്എല്‍ ക്ലബുകളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. എടികെ ഫ്രാനിനെ ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്നില്ല.

കഴിഞ്ഞ മാര്‍ച്ചിലാണ് ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയും ഐലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനും ലയിച്ചത്. ഇരുവരും ഒരുമിച്ചാകും 2021 എഎഫ്‌സി കപ്പ് മുതല്‍ പന്ത് തട്ടുക.