ഐലീഗ് പ്രവേശനത്തിനുളള അന്തിമ പട്ടികയായി, ലിസ്റ്റില്‍ മൂന്ന് ക്ലബുകള്‍

Image 3
Football

ഐലീഗില്‍ നേരിട്ടുളള പ്രവേശനത്തിന് രണ്ടാം ഡിവിഷണിലുളള മൂന്ന് ടീമുകള്‍ ബിഡ് സമര്‍പ്പിച്ചു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുദേവ എഫ്‌സി, ഷില്ലോഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്‍തിഹ് എസ്സി, വിശാഖപട്ടണത്തില്‍ നിന്നുളള ശ്രീനിഥി ഫുട്‌ബോള്‍ ക്ലബ് എന്നീ ടീമുകളാണ് ബിഡ് സമര്‍പ്പിച്ചിരിക്കുന്നത്.

മൂന്ന് ടീമുകളും 14 ദിവസത്തിനുളളില്‍ പൂര്‍ണ്ണമായിട്ടുളള ടെക്‌നിക്കല്‍ ആന്റ് ഫിനാഷ്യല്‍ ബിഡ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് സമര്‍പ്പിക്കണം.

ഇതില്‍ ഏറ്റവും സാധ്യത കല്‍പിക്കുന്നത് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുദേവാ എഫ്സിക്കാണ്, നിരവധി വര്‍ഷങ്ങളായി സുദേവ ഐലീഗ് കളിക്കാന്‍ ശ്രമം ആരംഭിച്ചിട്ട്. ആദ്യ ഐലീഗ് സീസണില്‍ മുഴുവന്‍ യുവതാരങ്ങളെ കളിപ്പിക്കുമെന്നും സുദേവ പ്രഖ്യാപിച്ചുകഴിഞ്ഞു.

സുദേവയെ കൂടാതെ മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലബായ ലൂക്ക സോക്കര്‍ അക്കാദമിയും ഐ ലീഗിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.