ധോണി അന്ന് ഒരു വാക്ക് പോലും മിണ്ടിയില്ല, കാത്തിരിപ്പിന് 13 വര്‍ഷം, ഉള്ളുപൊള്ളിച്ച് ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ നായകന്‍ കൂടിയായ ദിനേഷ് കാര്‍ത്തികിന് ഒരു സ്വപ്‌നമുണ്ട്. അത് തന്റെ ജന്മനാടിന്റെ പ്രിയപ്പെട്ട ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഒരിക്കലെങ്കിലും കളിക്കണം എന്നതാണ് അത്. കഴിഞ്ഞ 13 വര്‍ഷം ഏഴ് ടീമുകള്‍ക്കായി ഐപിഎല്‍ കളിച്ച കാര്‍ത്തികിന് പക്ഷെ ഇതുവരെ സ്വന്തം നാട്ടില്‍ നിന്നുളള ടീമില്‍ ജഴ്‌സി അണിയാന്‍ സാധിച്ചിട്ടില്ല.

ആ വിളിയ്ക്കായി ഇന്നും താന്‍ കാത്തിരിക്കുകയാണെന്ന് കാര്‍ത്തിക് തുറന്ന പറയുന്നു. പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടറായ ക്രിക്ബസിനായി വിഖ്യാത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ദിനേഷ് കാര്‍ത്തിക്കുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ആദ്യ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ ടീമിലെടുക്കുമെന്ന് ഉറച്ചുവിശ്വസിച്ചതു മുതലുള്ള സംഭവങ്ങളാണ് അഭിമുഖത്തില്‍ അദ്ദേഹം ഓര്‍ത്തെടുത്തത്.

‘2008ല്‍ ആദ്യ ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള താരലേലം നടക്കുന്നു. ഈ സമയത്ത് ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു. അന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള പ്രധാന താരം ഞാനായിരുന്നു. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി കളിക്കുന്ന താരമെന്ന നിലയില്‍ എന്നെ തീര്‍ച്ചയായും ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുമെന്നായിരുന്നു കരുതിയത്. പിന്നെയുള്ള സംശയം അവര്‍ ക്യാപ്റ്റനാക്കുമോ ഇല്ലയോ എന്നതു മാത്രമായിരുന്നു’ കാര്‍ത്തിക് ഓര്‍ത്തെടുത്തു.

‘പക്ഷേ, ലേലം വിളി തുടങ്ങിയപ്പോള്‍ കളം മാറി. ആദ്യം തന്നെ മഹേന്ദ്രസിങ് ധോണിയെ ചെന്നൈ 1.5 മില്യന്‍ ഡോളറിന് (6 കോടി രൂപ) വിളിച്ചെടുത്തു. ഈ സമയത്ത് മൈതാനത്ത് എന്റെ തൊട്ടടുത്ത് ധോണിയുമുണ്ടായിരുന്നു. അദ്ദേഹം ഇതേക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ചിലപ്പോള്‍ അവര്‍ ടീമിലെടുക്കുന്ന കാര്യം അദ്ദേഹം അറിഞ്ഞുകാണില്ല. പക്ഷേ, അതെന്നെ വല്ലാതെ ഉലച്ചുകളഞ്ഞു’ കാര്‍ത്തിക് വെളിപ്പെടുത്തി.

‘ലേലം തുടങ്ങിയിട്ടേ ഉള്ളായിരുന്നു എന്നതിനാല്‍ അടുത്ത ഘട്ടത്തില്‍ ചെന്നൈ എന്നെ ലേലം വിളിക്കും എന്ന് ഉറപ്പായിരുന്നു. ആ കാത്തിരിപ്പു തുടങ്ങിയിട്ട് ഇപ്പോള്‍ 13 വര്‍ഷമായി. ഇതുവരെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍നിന്ന് ഞാന്‍ മോഹിച്ച വിളി ലഭിച്ചില്ല. ഇപ്പോഴും ചെന്നൈയ്ക്കായി കളിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു’ കാര്‍ത്തിക് പറഞ്ഞു.