വീണ്ടും ഏറ്റുമുട്ടി ഇന്ത്യ-പാക് താരങ്ങള്‍, ഇനി എന്തും സംഭവിക്കാം
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാക്കുകകള്‍ കൊണ്ട് ഏറ്റുമുട്ടുകയാണ് ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയും. 2019ല്‍ പുറത്തിറങ്ങിയ ഷാഹിദ് അഫ്രീദിയുടെ ആത്മകഥയിലെ ഒരു ഭാഗത്തില്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമുണ്ട്. ഇതിന് മറുപടിയുമായാണ് ഗംഭീര്‍ വീണ്ടുമെത്തിയിരിക്കുന്നത്.
ഗംഭീറിനെ വ്യക്തിത്വമില്ലാത്തവനെന്നും പ്രത്യേകിച്ച് റെക്കോര്‍ഡുകളൊന്നും സ്വന്തമായില്ലാത്തവനെന്നൊക്കെയാണ് ആത്മകഥയില്‍ അഫ്രീദി പരിഹസിക്കുന്നത്.
‘അയാളുടെ (ഗൗതം ഗംഭീര്‍) മനോഭാവം തന്നെ ശരിയല്ല. പ്രത്യേകിച്ച് വ്യക്തിത്വമൊന്നുമില്ലാത്തയാളാണ് ഗംഭീര്‍. ക്രിക്കറ്റെന്ന മഹത്തായ വേദിയില്‍ പ്രത്യേകിച്ച് വിലാസമൊന്നുമില്ലാത്ത ഒരാള്‍. എടുത്തുപറയാന്‍ തക്ക റെക്കോര്‍ഡുകളും അയാള്‍ക്കില്ല. എന്നാലും അഹങ്കാരത്തിന് യാതൊരു കുറവുമില്ല. ഡോണ്‍ ബ്രാഡ്മാനും ജയിംസ് ബോണ്ടും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരാളേപ്പോലെയാണ് ഗംഭീറിന്റെ നാട്യം’ അഫ്രീദി ആത്മകഥയില്‍ എഴുതി
എന്നാല്‍, ഈ വിമര്‍ശനങ്ങളോട് കടുത്ത ഭാഷയിലാണ് ഗംഭീര്‍ പ്രതികരിച്ചത്. ‘സ്വന്തം പ്രായം പോലും ഓര്‍മയില്ലാത്തയാളാണ് അഫ്രീദി. പിന്നെ എന്റെ റെക്കോര്‍ഡുകളൊക്കെ എങ്ങനെ ഓര്‍ത്തിരിക്കും? എങ്കിലും അഫ്രീദിയെ ഒരുകാര്യം ഓര്‍മപ്പെടുത്താം. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ 54 പന്തില്‍ 75 റണ്‍സെടുത്തയാളാണ് ഗംഭീര്‍. അഫ്രീദിയുടെ സമ്പാദ്യം ഒരു പന്തില്‍ പൂജ്യം റണ്‍സ്! അതിലും പ്രധാനപ്പെട്ടൊരു കാര്യം. അന്ന് ഞങ്ങളാണ് കിരീടം ചൂടിയത്. ഒന്നുകൂടി. താങ്കള്‍ പറഞ്ഞത് ശരിയാണ്, നുണയന്‍മാരോടും വഞ്ചകന്‍മാരോടും അവസരവാദികളോടും എനിക്കല്‍പ്പം തലക്കനം കൂടുതലാണ്’ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
കളിക്കളത്തിലെ വൈരം ഇപ്പോഴും കാത്തുസൂക്ഷിക്കുകയാണ് ഇരുതാരങ്ങളും. നേരത്തെ കശ്മീര്‍ വിഷയത്തിലായിരുന്നു ഇരുവരും പരസ്പരം പോരടിച്ചത്.