അവനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല, ടീം ഇന്ത്യയിലെ ഇരയെ കുറിച്ച് ‘ വേട്ടക്കാരന്‍’

Image 3
CricketIPL

ഒരൊറ്റ പ്രയോഗം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ നായകനും നായകനും വില്ലനുമായി മാറിയ രണ്ട് താരങങ്ങളുണ്ട്. തമിഴ്‌നാട് താരം വിജയ് ശങ്കറും ഹൈദരാബാദ് താരം അമ്പാടി റായിഡുവുമാണ് ആ രണ്ട് പേര്‍.

2019ലെ ഏകദിന ലോകകപ്പ് സമയത്ത് അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിലെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന എംഎസ്‌കെ പ്രസാദ് പറഞ്ഞ പ്രയോഗമായിരുന്നു ‘ത്രീഡി’. ബാറ്റിങ്, ഫീല്‍ഡിങ്, ബൗളിങ് എന്നിങ്ങനെ ത്രിമുഖ പ്രതിഭയാണ് വിജയ് ശങ്കര്‍ എന്ന അര്‍ഥത്തിലാണ് പ്രസാദ് അദ്ദേഹത്തെ ‘ത്രീഡി താരം’ എന്ന് വിശേഷിപ്പിച്ചത്.

വിജയ് ശങ്കറിന്റെ പ്രത്യേകത വിവരിക്കാന്‍ പ്രസാദ് ഈ വാക്ക് പ്രയോഗിച്ചെങ്കിലും പിന്നീട് അത് തലവേദനയായി മാറിയത് വിജയ് ശങ്കറിന് തന്നെയാണ്. താരത്തെ ട്രോളാനുള്ള പ്രധാന ഉപാധിയായി ഈ പ്രയോഗം മാറി. ടീമിലിടം കിട്ടാതെ പോയതിന്റെ നിരാശ അമ്പാട്ടി റായുഡു പ്രകടിപ്പിച്ചത് അന്ന് ഇതേ ത്രീഡി പ്രയോഗം കടമെടുത്തായിരുന്നു.

പ്രസാദിന്റെ പ്രയോഗത്തെ ‘ട്രോളി’ ലോകകപ്പ് കാണാന്‍ താനൊരു ‘ത്രീഡി കണ്ണട’യ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് റായുഡു അന്ന് ട്വീറ്റ് ചെയ്തത്. പിന്നീട് വിജയ് ശങ്കറിന്റെ പ്രകടനം മോശമാകുമ്പോഴെല്ലാം ട്രോളുകളില്‍ ഈ ത്രീഡി പ്രയോഗം നിറയും. ഇപ്പോഴിതാ അന്നത്തെ സംഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് വിജയ് ശങ്കര്‍.

‘ആ പ്രയോഗവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അവര്‍ (സെലക്ടര്‍മാര്‍) വെറുതേ എനിക്കു തന്നൊരു വിശേഷണം അപ്രതീക്ഷിതമായി വൈറലാകുകയായിരുന്നു. ആ സംഭവത്തിനു ശേഷം ഞാന്‍ ഇന്ത്യയ്ക്കായി ലോകകപ്പില്‍ മൂന്നു മത്സരം കളിച്ചു. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അല്ലാതെ എന്റെ ഭാഗത്തുനിന്ന് മോശമായി ഒന്നും സംഭവിച്ചിട്ടില്ല’ വിജയ് ശങ്കര്‍ പറഞ്ഞു.

‘ഒട്ടേറെപ്പേര്‍ എന്നെ അമ്പാട്ടി റായുഡുവുമായി താരതമ്യം ചെയ്യുന്നുണ്ട്. പക്ഷേ ഞങ്ങള്‍ കളിക്കുന്ന സ്ഥാനവും സാഹര്യങ്ങളും തികച്ചും വ്യത്യസ്തമാണ്. ഇത്തരം താരതമ്യങ്ങള്‍ പ്രശ്‌നമല്ല. പക്ഷേ ഞങ്ങള്‍ കളിക്കുന്ന സ്ഥാനങ്ങളുടെ വ്യത്യാസമെങ്കിലും പരിഗണിക്കേണ്ടേ? മിക്കവര്‍ക്കും അതൊന്നും പ്രശ്‌നമല്ല. അവര്‍ ഇത്തരം ഘടകങ്ങളൊന്നും ഗൗനിക്കാതെ എന്റെ ചെലവില്‍ ട്രോളുകളുണ്ടാക്കുകയാണ്’ വിജയ് ശങ്കര്‍ വ്യക്തമാക്കി.

അമ്പാട്ടി റായുഡുവുമായി വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ ഉത്തരം ഇതായിരുന്നു- ‘ഞങ്ങള്‍ കാണുമ്പോഴെല്ലാം പതിവുപോലെ മിണ്ടാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹത്തിന്റെ (ത്രീഡി) ട്വീറ്റ് വൈറലായി എന്നേയുള്ളൂ. അതിന്റെ പേരില്‍ എനിക്ക് അദ്ദേഹത്തോടു യാതൊരു പ്രശ്‌നവുമില്ല. അടുത്തിടെ ഡല്‍ഹിയില്‍ വച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. അന്നും ഞങ്ങള്‍ ഒരുപാടു സംസാരിച്ചു’ വിജയ് ശങ്കര്‍ പറഞ്ഞു.