മൂന്നാഴ്ച്ച മുമ്പെ തിരിച്ചെത്താമായിരുന്നു, വേണ്ടെന്ന് വെച്ചതാണ്, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തനിക്ക് പരിക്കില്‍ നിന്ന് തിരിച്ചുവരാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ വീണ്ടും പരിക്കേല്‍ക്കേണ്ടെന്ന് തീരുമാനിച്ചതിനാലാണ് ടീമില്‍ നിന്ന് വിട്ടുനിന്നതെന്ന് ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍ വെളിപ്പെടുത്തി. സിംബാബ് വെയ്‌ക്കെതിരെ ഏകദിന പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാകുമെന്നും ചഹര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
‘എനിക്ക് വേണമെങ്കില്‍, 2-3 ആഴ്ച മുമ്പ് തിരിച്ചുവരാന്‍ സാധിക്കുമായിരുന്നു. വിന്‍ഡീസിനെതിരായ ടി20 പരമ്പര എനിക്ക് കളിക്കാനുമായുകമായിരുന്നു. എന്നാല്‍, നിങ്ങള്‍ കളിക്കുമ്പോഴെല്ലാം നിങ്ങളുടെ 110 ശതമാനം നിങ്ങള്‍ നല്‍കമെന്നായിരുന്നു എന്റെ ചിന്ത. 99 ശതമാനം നല്‍കി പോലും കളിക്കരുത്. അതിനാല്‍ തിരിച്ച് വരാന്‍ ശ്രമിച്ചില്ല. എനിക്ക് പരിക്കേല്‍ക്കുന്നതിന് മുമ്പുള്ള സമയത്തേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ ചഹര്‍ ന്യൂസ് 24 നോട് പറഞ്ഞു.
‘എനിക്ക് മുമ്പും ഒരുപാട് പരിക്കുകള്‍ ഏറ്റിട്ടുണ്ട്. എന്നാല്‍ അത് പോസിറ്റീവായി കാണാനാണ് ഞാന്‍ ശ്രമിക്കാറ്. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍, ക്രിക്കറ്റിന്റെ അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങാന്‍ നിങ്ങള്‍ക്ക് അത് സമയം നല്‍കും. നിങ്ങള്‍ക്ക് എന്തെങ്കിലും ബലഹീനതകള്‍ ഉണ്ടെങ്കില്‍, അവയില്‍ പ്രവര്‍ത്തിക്കാന്‍ പരിക്ക് നിങ്ങളെ സഹായിക്കും. എനിക്ക് പരിക്കേല്‍ക്കുമ്പോഴെല്ലാം ഞാന്‍ എന്റെ ക്രിക്കറ്റ് മെച്ചപ്പെടുത്താനായി പ്രവര്‍ത്തിച്ചിട്ടുണ്ട്, ”ചഹര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹാംസ്ട്രിംഗിന് പരിക്കേറ്റത് മുതല്‍ ദീപക് ചഹര്‍ കളിയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലും ചഹറിന് കളിക്കാനായില്ല. നട്ടെല്ലിന് പരിക്കേറ്റതാണ് ഐപിഎല്ലും ചഹറിന് നഷ്ടമായത്. വലംകൈയന്‍ പേസര്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ തിരിച്ചെത്തുമെന്ന് കരുതിയിരുന്നെങ്കിലും നട്ടെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് മുഴുവന്‍ പുറത്തായി.
ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയില്‍ 29-കാരന്‍ തന്റെ തിരിച്ചുവരവ് നടത്തും. ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ ചഹര്‍ ശ്രമം നടത്തുണ്ടെങ്കിലും അര്‍ഷ്ദീപ് സിംഗിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും മികച്ച ഫോം ചഹറിന് തിരിച്ചടിയാണ്.