അങ്ങനെ വിരമിപ്പിക്കാന്‍ നോക്കണ്ട, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

Image 3
CricketTeam India

ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നിരവധി സീനിയര്‍ താരങ്ങളെ പുറത്തിരുത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഇഷാന്ത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവരെയാണ് ഒഴിവാക്കാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.

അതെസമയം ലങ്കന്‍ പര്യടനത്തില്‍ നി്ന്ന് ഒഴിവാക്കിയാലും ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയില്ലെന്ന്് വൃദ്ധിമാന്‍ സാഹ വ്യക്തമാക്കി. സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് 37കാരനായ സാഹ ഇക്കാര്യം വ്യക്തമാക്കിയത്.

‘ആളുകള്‍ പല കാര്യങ്ങളെത്തുടര്‍ന്ന് ഇടവേളയെടുക്കും. ചിലപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചിലവിടാനാവും അല്ലെങ്കില്‍ വ്യക്തിപമായ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കാവും. വിരാട് കോഹ്ലി ഭാര്യയുടെ പ്രസവത്തിനുവേണ്ടി അവധിയെടുത്തില്ലേ. ഞാന്‍ രഞ്ജി ട്രോഫിയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ചോദ്യം ഉയര്‍ത്തുന്നത് എന്തിനാണ്’- സാഹ ചോദിച്ചു.

‘കാണ്‍പൂര്‍ ടെസ്റ്റിന് മുമ്പ് തന്നെ എന്റെ കരിയര്‍ അവസാനിച്ചുവെന്ന് വരുത്താന്‍ പലരും ശ്രമിച്ചു. 2018ലെ ശസ്ത്രക്രിയക്ക് ശേഷം എനിക്കൊരു മടങ്ങിവരവില്ലെന്ന് വിധിയെഴുതിയത് നിരവധി ആളുകളാണ്. ദക്ഷിണാഫ്രിക്കയില്‍ റിഷഭ് പന്തിനാണ് അവസരമെന്നത് എനിക്കറിയാവുന്ന കാര്യമാണ്. കാരണം അവനാണ് മുഖ്യ വിക്കറ്റ് കീപ്പര്‍. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ എനിക്ക് പരിക്കേറ്റപ്പോള്‍ കെ എസ് ഭരതിനെ കളത്തിലിറക്കിയിരുന്നു. അവന്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനമാണ് നടത്തിയത്. ടീമിന്റെ ദീര്‍ഘദൂര പദ്ധതികള്‍ക്കനുസരിച്ച് അവനെയും പരിഗണിക്കേണ്ടതായുണ്ട്’ സാഹ പറഞ്ഞു.

റിഷഭിന് പരിക്കേറ്റാല്‍ മാത്രമാണ് സാഹക്ക് അവസരം ലഭിക്കുന്നത്. സീനിയര്‍ താരമായിട്ടും എന്തുകൊണ്ട് വേണ്ടത്ര അവസരം നല്‍കുന്നില്ലെന്ന് വിരാട് കോഹ്ലിയോടും രവി ശാസ്ത്രിയോടും ചോദിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോടും സാഹയുടെ ഉത്തരം ഇങ്ങനെയാണ്.

‘ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല. കാരണം എന്റെ പ്രകൃതം അങ്ങനെയല്ല. സ്‌കൂള്‍ ക്രിക്കറ്റില്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ പോലും എന്തുകൊണ്ട് ഒഴിവാക്കിയെന്ന് പരിശീലകനോട് ചോദിച്ചട്ടില്ല. ഒഴിവാക്കപ്പെട്ടെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തണം എന്നതാണ് എന്റെ രീതി’- സാഹ പറഞ്ഞു.

വിരമിക്കല്‍ എന്നുണ്ടാകുമെന്നതിനോടും സാഹ പ്രതികരിച്ചു. ശ്രീലങ്കന്‍ പരമ്പരയിലേക്ക് പരിഗണിച്ചില്ലെങ്കിലും ഉടനൊന്നും വിരമിക്കാന്‍ പദ്ധതിയില്ലെന്നാണ് സാഹ പറഞ്ഞത്.

സീനിയര്‍ താരങ്ങളില്‍ മോശം ഫോമിലുള്ളവര്‍ രഞ്ജി ട്രോഫി കളിച്ച് മികവ് കാട്ടണമെന്നാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ സാഹ ഇത്തവണത്തെ രഞ്ജി ട്രോഫി കളിക്കുന്നില്ല.

ഐപിഎല്ലില്‍ കളിക്കുന്നതിനെക്കുറിച്ചും താരം പ്രതികരിച്ചു. ഇത്തവണ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് രഞ്ജി ട്രോഫി കളിക്കുന്നില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അത് അധികൃതരെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ മറ്റ് ടൂര്‍ണമെന്റുകള്‍ കളിക്കുന്നില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും സാഹ കൂട്ടിച്ചേര്‍ത്തു.