ഹൈദരാബാദ് മതിയായി. മറ്റൊരു സൂപ്പര്‍താരവും ടീം വിടുന്നു

Image 3
FootballISL

ഐഎസ്എല്ലിലെ സൂപ്പര്‍ താരങ്ങളിലൊരാളയ നെസ്റ്ററും ഹൈദരാബാദ് എഫ്‌സി വിടുന്നു. മാര്‍സെലീനോയ്ക്ക് പിന്നാലെയാണ് നെസ്റ്ററും ഹൈദരാബാദ് ഉപേക്ഷിക്കുന്നത്. പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയുമായുളള പ്രശ്‌നങ്ങളാണ് നെസ്റ്ററിനെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നത്.

നെസ്റ്ററെ തനിയ്ക്ക് ആവശ്യമില്ലെന്ന് ഹൈദരാബാദ് പരിശീലകന്‍ ഇതിനോടകം തന്നെ മാനേജുമെന്റിനെ അറിയിച്ചതായാണ് വിവരം. ഇതോടെ നെസ്റ്ററുടെ സേവനവും ഹൈദരാബാദിന് നഷ്ടമാകുമെന്ന് ഉറപ്പായി. താരത്തെ ലോണില്‍ മറ്റ് ടീമുകള്‍ക്ക് കൈമാറാണ് ഹൈദരാബാദ് ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഒന്‍പത് മത്സരങ്ങളാണ് നെസ്റ്റര്‍ ഹൈദരാബാദിനായി കളിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. 2018-19 സീസണില്‍ ചെന്നൈ സിറ്റിയെ കിരീടമണിയിച്ച ഫോം നിലനിര്‍ത്താന്‍ നെസ്റ്ററിന് കഴിയാത്തത് തിരിച്ചടിയായി.

കഴിഞ്ഞ ദിവസം മാര്‍സെലീനോയും ഇനി ഹൈദരാബാദിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു.