‘എന്തൊരു വെറുപ്പിക്കലാണയാൾ’; ക്രിസ്റ്റിയാനോക്കെതിരെ പരിശീലകന്റെ രൂക്ഷ വിമർശനം

ക്രിസ്റ്റിയാനോ റൊണാൾഡോ മികച്ച താരമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെങ്കിലും എതിർകളിക്കാരെ വെറുപ്പിക്കുന്ന കാര്യത്തിലും താരം മുൻപിലാണെന്ന വിമർശനവുമായി ഹംഗറി പരിശീലകൻ മാർക്കോ റോസി. യൂറോ ഗ്രൂപ്പ് ഘട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലുമായി ഏറ്റുമുട്ടിയ ഹംഗറി എതിരില്ലാത്ത മൂന്ന് ഗോളുകളുമായി പരാജയം ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തിൽ അവസാന പത്തു മിനിറ്റുകൾ വരെ പോർച്ചുഗലിനെ പിടിച്ചുകെട്ടിയ ഹംഗറി അവസാന പത്തുമിനിറ്റുകളിൽ റൊണാൾഡോ നേടിയ രണ്ട് ഗോളുകൾ അടക്കം മൂന്ന് ഗോളുകൾക്ക് തോൽക്കുകയായിരുന്നു. മൂന്നാം ഗോളിലേക്ക് വഴിതെളിച്ച പെനാൽറ്റി നേടിയെടുത്ത ശേഷം റൊണാൾഡോ നടത്തിയ ആഹ്ളാദപ്രകടനമാണ് റോസിയെ ചൊടിപ്പിച്ചത്.
ക്രിസ്റ്റിയാനോ വലിയ താരമൊക്കെ തന്നെയാണ്, തർക്കമില്ല. എന്നാൽ ദുർബലരായ ഞങ്ങൾക്കെതിരെ പെനാൽട്ടി നേടിയ ശേഷം അദ്ദേഹത്തിൻറെ തുള്ളിച്ചാട്ടം ഒന്ന് നോക്കൂ. ലോകകപ്പ് വിജയിച്ച പോലെയാണ് പ്രകടനം. ഇതൊക്കെ ലോകം കാണുന്നുണ്ടെന്ന് അദ്ദേഹം ഓർക്കണം. ഇങ്ങനെയായിരുന്നു റോസിയുടെ വിമർശനം.
തന്റെ അഞ്ചാം യൂറോയിൽ മികച്ച ഫോമിൽ തുടരുന്ന റൊണാൾഡോ ഇതുവരെ മൂന്ന് കളികളിൽ നിന്നും അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. കൂടാതെ ഫ്രാൻസിനെതിരെ നേടിയ ഇരട്ട ഗോളുകളോടെ പുരുഷ ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായും താരം മാറി.