ബൗമസ് ഗോളടിച്ച് തുടങ്ങി, ബംഗളൂരുവിനെ കരയിപ്പിച്ച് മുംബൈ സിറ്റി

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി നടന്ന പ്രീ സീസണ്‍ പോരാട്ടത്തില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ തോല്‍പിച്ച് മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്‌സി ബംഗളൂരുവിനെതിരെ ജയം സ്വന്തമാക്കിയത്.

ഫ്രഞ്ച് സൂപ്പര്‍ താരം ഹ്യൂഗോ ബൗമസ് ആണ് മുംബൈയ്ക്കായി ഗോള്‍ നേടിയത്. മുംബൈയ്ക്കായി ബൗമസ് നേടുന്ന ആദ്യ ഗോളായി മാറി ഇത്. കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ബൗമസ്.

ഇതോടെ സന്നാഹ മത്സരത്തില്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ് സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സി. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും മുംബൈ സിറ്റി എഫ്‌സി ജയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനോട് മാത്രമാണ് മുംബൈ സിറ്റി എഫ്‌സി ഗോള്‍ രഹിത സമനില വഴങ്ങിയത്.

നവംബര്‍ 20നാണ് ഐഎസ്എല്‍ ഏഴാം സീസണ്‍ ആരംഭിക്കുന്നത്. കോവിഡ് കാരണം കാണികളില്ലാതെയാകും സീസണ്‍ നടക്കുക. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്.