ഒരു നാള്‍ ഹ്യൂസ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി പ്രത്യക്ഷപ്പെടുമോ?

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മറക്കാനാകാത്ത പേരുകളിലൊന്നാണ് ആരോണ്‍ ഹ്യൂസിന്റേത്. ബ്ലാസ്റ്റേഴ്സിനായി ഒരു സീസണില്‍ മാത്രമേ കളിച്ചിട്ടുളളുവെങ്കിലും ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയാണ് ഹ്യൂസ് കേരളം വിട്ടത്. 11 കളികളില്‍ കേരളത്തെ നയിച്ച ഈ വടക്കന്‍ അയര്‍ലണ്ടുകാരന്‍ ഒരു ഗോളും ബ്ലാസ്റ്റേഴ്സിനായി നേടിയിരുന്നു.

കളിക്കളത്തിലെ ആത്മസമര്‍പ്പണമാണ് മറ്റ് താരങ്ങളില്‍ നിന്ന് ഹ്യൂസിനെ വ്യത്യസ്തനാക്കുന്നത്. തലപൊട്ടിയിട്ടും കെട്ടിവെച്ച് കേരളത്തിനായി കളിച്ച ഹ്യൂസിന്റെ ചിത്രം അത്ര പെട്ടെന്നൊന്നും ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില്‍ നിന്നും മായ്ച്ച്കളയാനാകില്ല.

പ്രീമിയര്‍ ലീഗിലെ ന്യൂകാസില്‍ യുണൈറ്റഡ്, ആസ്റ്റണ്‍ വില്ല, ഫുള്‍ഹാം, ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സ് എന്നിവയ്ക്കായി കളിച്ച ഹ്യൂസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 455 മത്സരങ്ങളാണ് ബൂട്ടുകെട്ടിയത്. തുടര്‍ന്ന് ഓസ്ട്രേലിയയുടെ എ-ലീഗ്, ഇ.എഫ്.എല്‍. ചാമ്പ്യന്‍ഷിപ്പ് മെല്‍ബണില്‍ സിറ്റി എഫ്.സി. ല്‍ ബ്രൈടണ്‍ & ഹോവ് അല്‍ബിയോണ്‍ തുടങ്ങിയവയില്‍ ഒക്കെ കളിച്ചു.

ബ്ലാസ്റ്റേഴ്സ് വിട്ടശേഷം 40 കാരന്‍ സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പില്‍ ഹാര്‍ട്ട്സ് എഫ്‌സിയിലേക്ക് മാറി. ശേഷം 2019ല്‍ ഫുട്ബോളില്‍ നിന്ന് താരം വിരമിക്കുകയും ചെയ്തു. വടക്കന്‍ അയര്‍ലന്‍ഡിനായി 112 മത്സരങ്ങളാണ് ഹ്യൂസ് കളിച്ചത്. ഇത് റെക്കോര്‍ഡാണ്.

നിലവില്‍ പരിശീലകനാകാനുളള കഠിന ശ്രമത്തിലാണ് ഹ്യൂസ്. യുവേഫ ബി ലൈസന്‍സ് ഇതിനോടകം സ്വന്തമാക്കിയ ഹ്യൂസ് ഇപ്പോള്‍ യുവേഫ എ ലൈസന്‍സ് നേടാനുളള കഠിന പരിശ്രമത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ യുവേഫ എ ലൈസന്‍സ് കരസ്ഥമാക്കാനാകും എന്നാണ് ഹ്യൂസ് പ്രതീക്ഷിക്കുന്നത്. കൂടാതെ യുവേഫയുടെ സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്‌സും താരം ചെയ്തിട്ടുണ്ട്. ഒരുനാള്‍ ഹ്യൂസിനെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മാനേജറായി കാണാന്‍ കഴിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സാരം.

കഴിഞ്ഞ മാസം മുന്‍ ബ്ലാസ്റ്റേഴ്സ് സഹതാരം ഇഷ്ഫാക്ക് അഹമ്മദുമായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാം തത്സമയ ചാറ്റില്‍ ഹ്യൂസ് പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഗോളുകളിലൊന്ന് സംഭവിച്ചത് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുമ്പോഴായിരുന്നുവെന്ന് ആരോണ്‍ ഹ്യൂസ് അന്ന് വെളിപ്പെടുത്തിയിരുന്നു.

‘പൂണെ സിറ്റിക്കെതിരെ നേടിയ ഹെഡര്‍ ഗോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. സെറ്റ് പീസ് ഘട്ടങ്ങള്‍ വരുമ്പോള്‍ സാധാരണയായി കൗണ്ടര്‍ അറ്റാക്ക് തകര്‍ക്കാന്‍ ഡിഫെന്‍സില്‍ തന്നെയാണ് ശ്രദ്ധിക്കാറുള്ളത്. പുണെയുമായുള്ള മത്സരത്തിന് മുന്‍പേ ആക്രമണത്തില്‍ എനിക്ക് കൂടുതല്‍ പങ്കു വഹിക്കാന്‍ കഴിയുമെന്ന് കോപ്പലിനെ മനസിലാക്കിപ്പിക്കാന്‍ എനിക്ക് സാധിച്ചിരുന്നു’ ഹ്യൂസ് പറയുന്നു.

You Might Also Like