ചരിത്രത്തിലാദ്യം, തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്

Image 3
CricketTeam India

സ്ഥിരത കൊണ്ട് ഇന്ത്യന്‍ മധ്യനിരയില്‍ പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കളിച്ച ഇന്നിങ്സുകളിലെല്ലാം മികച്ച പ്രകടനം നടത്തിയ സൂര്യ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും സൂര്യ നിരാശപ്പെടുത്തിയില്ല. ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടവെ 64 റണ്‍സുമായി സൂര്യ ടോപ് സ്‌കോററായി മാറി.

ഈ പ്രകടനത്തോടെ അടുത്ത വര്‍ഷം നടക്കാനിരിക്കു ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സൂര്യ തന്റെ സ്ഥാനമുറപ്പാക്കിയിരിക്കുകയാണ്.

അത് മാത്രമല്ല രണ്ടാം ഏകദിനത്തിലെ പ്രകടനത്തോടെ ഏകദിന ചരിത്രത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡും സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. കരിയറിലെ ആദ്യത്തെ ആറ് ഏകദിനങ്ങളിലും 30 പ്ലസ് സ്‌കോര്‍ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ താരമായിരിക്കുകയാണ് അദ്ദേഹം.

നേരത്തേ നടന്ന ആദ്യ ഏകദിനത്തില്‍ 34 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറ്റൊരാള്‍ക്കുമില്ലാത്ത റെക്കോര്‍ഡ് സൂര്യയെ തേടിയെത്തിയിരുന്നു. ആദ്യത്തെ അഞ്ച് ഏകദിനങ്ങളിലും 30 പ്ലസ് സ്‌കോര്‍ ചെയ്ത ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ലോക ക്രിക്കറ്റില്‍ തന്നെ ആര്‍ക്കുമില്ലാത്ത റെക്കോര്‍ഡും സൂര്യ തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. 31*, 53, 40, 39, 34*, 64 എന്നിങ്ങനെയാണ് ഇതുവരെ കളിച്ച ഇന്നിങ്സുകളില്‍ താരത്തിന്റെ സ്‌കോറുകള്‍.

കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലൂടെയെയായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ഏകദിന അരങ്ങേറ്റം. ഈ മല്‍സരത്തില്‍ 31 റണ്‍സെടുത്താണ് അദ്ദേഹം വരവറിയിച്ചത്. ലങ്കയ്ക്കെതിരായ അടുത്ത കളിയിലും സൂര്യ നിരാശപ്പെടുത്തിയില്ല. ഏകദിന കരിയറിലെ ആദ്യത്തെ ഫിഫ്റ്റി അദ്ദേഹം ഈ മല്‍സരത്തില്‍ കണ്ടെത്തി. 53 റണ്‍സായിരുന്നു നേടിയത്. ലങ്കയുമായുള്ള മൂന്നാമത്തെ കളിയില്‍ 40 റണ്‍സും സൂര്യ സ്‌കോര്‍ ചെയ്തു.

അതിനു ശേഷം കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് അദ്ദേഹം കളിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നെങ്കിലും അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ടീമില്‍ ഇടം ലഭിച്ചു. റണ്‍ചേസില്‍ 39 റണ്‍സ് സൂര്യ നേടുകയും ചെയ്തു.

സൂര്യയുടെ അര്‍ധ സെഞ്ച്വറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 193 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 44 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.