ഇതാ ഇറ്റാലിയൻ ഫുട്ബോളിന്റെ രക്ഷകൻ; ലോകം ഇനി അയാൾ ഭരിക്കുമോ?

Image 3
FootballUncategorized

വിജയദാഹത്തിന്റെ പര്യായപദമാണ് റോബർട്ട് മാൻസീനിയെന്ന ഇറ്റാലിയൻ ഫുട്ബോൾ പരിശീലകൻ. ഒൻപതാം വയസ്സിൽ ടേബിൾ ടെന്നീസിൽ തോറ്റതിന്റെ ദേഷ്യം തീർക്കാൻ സഹോദരനെ ബാറ്റുകൊണ്ടെറിഞ്ഞു തലപൊട്ടിച്ച ചരിത്രമുണ്ട് മാൻസീനിക്ക്. ആ ബാലൻ പിന്നീട് ഇരുപത്തിനാലാം വയസ്സിൽ ഇറ്റാലിയൻ സീരി എയിൽ സാംപടോറിയയെ ചാമ്പ്യന്മാരാക്കി.

സീരി എയിൽ അത്രക്കൊന്നും സാധ്യത കൽപ്പിക്കപ്പെടാത്ത സാംപടോറിയയെ ‘ഇന്റർ കോണ്ടിനെന്റൽ’ കപ്പ് നേടാൻ പ്രചോദിപ്പിച്ചാണ് അന്ന് ടീമിൽ യുവതാരമായ മാൻസീനി ലീഗ് ചാമ്പ്യന്മാരാക്കിയത് എന്നൊരു കഥയുണ്ട്. എന്തുതന്നെയായാലും അത്തവണ ഫൈനലിൽ സാക്ഷാൽ ബാർസിലോണയോട് അധികസമയത്ത് ഒരു ഗോളിന് തോറ്റാണ് സാംപടോറിയയുടെ ‘യൂറോപ്പ്യൻ കപ്പ്’ മോഹം അവസാനിച്ചത്.

എന്നാൽ മാൻസീനിയുടെ വിജയദാഹത്തിന്റെ അവസാനമായിരുന്നില്ല അത്. വർഷങ്ങൾക്കിപ്പുറം 60 വർഷത്തെ ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടാനാവാതെ നാണംകെട്ട അസൂറിപ്പടയുടെ പരിശീലകനായി 2018ൽ അവരോധിക്കപ്പെട്ട മാൻസീനിയുടെ ആദ്യലക്ഷ്യം ആ വിജയദാഹം അസൂറികളിലേക്ക് പകർന്നുനൽകുക എന്നതായിരുന്നു.

ജിജി ബുഫൺ, ഡി റോസി ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങളെല്ലാം റിട്ടയർമെന്റ് പ്രഖ്യാപിച്ചു നിരാശയുടെ പടുകുഴിയിൽ വീണ ഇറ്റലിയെ വിജയികളുടെ നിരയാക്കി മാറ്റുക എന്ന ഭാരിച്ച ദൗത്യം പക്ഷെ മികച്ച അവസരമാക്കി മാറ്റുകയാണ് മാൻസീനിയിലെ വിജയദാഹി ചെയ്തത്. വിരമിക്കലിൽ നിന്നും തിരിച്ചെത്തിയ ചെല്ലീനിയെ നായകനാക്കി കളിതുടങ്ങിയ മാനസീനിയുടെ തുടക്കം പട്ടുമെത്ത വിരിച്ച വഴിയിലായിരുന്നില്ല.

2018 നാഷൻസ് ലീഗിൽ ആദ്യ മത്സരത്തിൽ പോളണ്ടിനോട് സമനില വഴങ്ങിയും പോർച്ചുഗലിനോട് പരാജയപ്പെടുമാണ് തുടക്കം. എന്നാൽ പിന്നീടങ്ങോട്ട് സ്വപ്നസമാനമായി തുടരുകയാണ് മാൻസീനിയുടെ അശ്വമേധം. തുടർച്ചയായി 27 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇറ്റലി യൂറോകപ്പിനായി എത്തുന്നത്.

യൂറോ യോഗ്യതാ റൗണ്ടിൽ 37 ഗോളുകൾ അടിച്ചുകൂട്ടി തോൽവിയറിയാതെ പൂർത്തിയാക്കി. നേഷൻസ് ലീഗ് കപ്പിലും ഗ്രൂപ്പിൽ ഒന്നാമതാണ് ഇറ്റലി. കൂടാതെ മാൻസീനിക്ക് കീഴിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും തോൽവി എന്തെന്ന് അസൂറികൾ അറിഞ്ഞിട്ടില്ല.

ഏതെങ്കിലും ഒരുതാരത്തെ മാത്രം മുൻനിർത്തിയല്ല മാൻസീനി തന്ത്രങ്ങൾ മെനയുന്നത്. ടീമിലെ യുവതാരങ്ങളെ നിരന്തരം മൂർച്ച കൂട്ടി ഉപയോഗസജ്ജമാക്കി വെക്കാൻ മാൻസീനിക്ക് കഴിയുന്നുണ്ട്. യൂറോകപ്പിലും വിജയക്കുതിപ്പ് തുടരാൻ മാൻസീനി എന്ന മാന്ത്രികന് കഴിഞ്ഞാൽ ഒന്നുറപ്പിക്കാം, ഫുട്ബോൾ ലോകം വരുംകാലത്ത് ഏറ്റവുമധികം ഉച്ചരിക്കാൻ പോവുന്ന പേരുകളിലൊന്ന് ‘മാന്ത്രികൻ മാൻസീനി’യുടേത് ആയിരിക്കും.