ബ്ലാസ്‌റ്റേഴ്‌സ് ആരാധകരറിയാന്‍, ഹോസുവിന്റെ കാര്യത്തില്‍ തീരുമാനമായി

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരു കാലത്തെ സൂപ്പര്‍ താരമായിരുന്ന സ്പാനിഷ് താരം ജോസു പ്രിറ്റോ കേരളത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായി. ജോസു ഇപ്പോള്‍ കളിക്കുന്ന സ്പാനിഷ് മൂന്നാം ഡിവിഷനായ സെഗുണ്ട ബിയിലെ ക്ലബായ പെരാലഡ എഫ്‌സി ജോസുവുമായുളള കരാര്‍ പുതുക്കി. പെരാലഡ എഫ്‌സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഐ എസ് എല്‍ രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്ന ഹോസു ആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു. മൂന്നാം സീസണില്‍ കൊമ്പന്മാര്‍ ഐ എസ് എല്‍ ഫൈനല്‍ വരെ എത്തിയതില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ ഒരാളാണ് ഹോസു. ഇടത് ലെഫ്റ്റ്-ബാക്ക് സ്ഥാനത്ത് താരം കാഴ്ച വെച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് പല മത്സരങ്ങളിലും നിര്‍ണ്ണായകമായിരുന്നു.

ലാ മാസിയ അക്കാദമി താരമായ ഹോസു നാലാം സീസണിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, താരത്തെ ക്ലബ് നിലനിറുത്തിയിരുന്നില്ല.

ഇതിനിടെ ഹോസു ഐലീഗ് ക്ലബായ ഗോകുലം കേരളയില്‍ പന്ത് തട്ടാനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം തന്നെ ഇക്കാര്യം നിഷേധിച്ചതോടെ ആ അഭ്യൂഹത്തിനും വിരാമമായി. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായിമയായ മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുമായി സംവദിക്കാന്‍ ഹോസു എത്തിയിരുന്നു.

പ്രമുഖ അവതാരക കുറി ഇറാനിയുമായിട്ടായിരുന്നു ഹോസു സംവദിച്ചത്. ബ്ലാസ്റ്റേഴ്സില്‍ കളിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു എന്ന് പറഞ്ഞ യുവതാരം ഒരു വിളി ലഭിച്ചാല്‍ എല്ലാം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സി വീണ്ടും അണിയുമെന്നും പറഞ്ഞിരുന്നു.