തോല്‍വിയ്ക്ക് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ‘കലാപം’ , ബേണ്‍സിന് താക്കീത്

അഹമ്മദാബാദ് ടെസ്റ്റിലെ വന്‍ തോല്‍വിയ്ക്ക് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ കാര്യങ്ങള്‍ ഒട്ടും ശുഭകരമായല്ല പുരോഗമിക്കുന്നത്. മുന്‍ താരങ്ങളടക്കം നിരവധി പേരാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ചില താരങ്ങള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായെത്തിയ രംഗം കൂടുതല്‍ പ്രക്ഷുപ്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് വനിതാ ക്രിക്കറ്റ് താരം അലക്സാന്‍ഡ്ര ഹേര്‍ട്ലിയുമായി കൊമ്പുകോര്‍ത്ത് ഇംഗ്ലീഷ് താരം റോറി ബേണ്‍സ് വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ ബേണ്‍സിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ താക്കീത് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിന്റെ വനിതാ ടീമിന്റെ മത്സരം രാത്രി ആരംഭിക്കുന്നതിന് മുന്‍പ് ടെസ്റ്റ് ഫിനിഷ് ചെയ്ത ഇംഗ്ലണ്ട് ബോയിസിന്റെ നല്ല മനസെന്ന് പരഞ്ഞാണ് വനിതാ ക്രിക്കറ്റ് താരം അലക്സാന്‍ഡ്ര ഹേര്‍ട്ലി എത്തിയത്.

എല്ലാ ബോയ്സും വനിതാ ഗെയിമിനെ പിന്തുണയ്ക്കുന്നത് നോക്കുമ്പോള്‍ നിരാശാജനകമായ മനോഭാവം എന്നാണ് ബേണ്‍സ് മറുപടി നല്‍കിയത്.

ബേണ്‍സ് തന്റെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. ബേണ്‍സിന്റെ ട്വീറ്റ് ബെന്‍ സ്റ്റോക്ക്സും, ആന്‍ഡേഴ്സനും ലൈക്ക് ചെയ്തിരുന്നു. തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബേണ്‍സിനെ ഓര്‍മപ്പെടുത്തിയതായാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

You Might Also Like