പാകിസ്ഥാന് സമാശ്വാസവുമായി വില്യംസണ്‍, കളിക്കാരും ആകെ വിഷമത്തില്‍

പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറിയതോടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ആകെ വിഷമവൃത്തത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ടോസിന് തൊട്ട് മുമ്പ് ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് ന്യൂസിലന്‍ഡിനെതിരെ ക്രൂരമായി പ്രതികരിയ്ക്കുകയും ചെയ്തിരുന്നു.

അതെസമയം പാകിസ്ഥാനില്‍ നിന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം പിന്‍മാറിയത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രശ്‌നമാകില്ലെന്നാണ് പ്രതീക്ഷയെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ പറയുന്നു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിനായി (ഐപിഎല്‍) ദുബായിലുള്ള വില്യംസന്‍, അവിടെനിന്നാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

കളിക്കാന്‍ ഉറച്ചുതന്നെയാണ് ന്യൂസീലന്‍ഡ് ടീം പാക്കിസ്ഥാനിലേക്കു പോയതെന്നും പെട്ടെന്നുണ്ടായ ചില കാരണങ്ങളാണ് പിന്‍മാറ്റത്തിലേക്കു നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്യംസന്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് പാക്ക് പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരുന്നു.

‘കളിക്കാന്‍ ഉറച്ചുതന്നെയാണ് അവര്‍ പാക്കിസ്ഥാനിലെത്തിയത്. അപ്രതീക്ഷിതമായി സംഭവിച്ച ചില കാര്യങ്ങളാണ് എല്ലാം അവതാളത്തിലാക്കിയത്. ഈ പ്രശ്‌നം ദീര്‍ഘകാലം നീണ്ടുനില്‍ക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. കാരണം, ക്രിക്കറ്റിന് പ്രത്യേക ഇടമുള്ള സ്ഥലമാണ് പാക്കിസ്ഥാന്‍. സുരക്ഷിതമായി പാക്കിസ്ഥാനിലേക്കു പോകാനും അവിടെ കളിക്കാനും കാത്തിരിക്കുന്നു. അവിടെ ഒരുപാടു കളികള്‍ നാം കണ്ടിട്ടുണ്ട്. ഇനിയും കൂടുതല്‍ കളികള്‍ അവിടെ നടക്കട്ടെ’ വില്യംസന്‍ പറഞ്ഞു.

‘പ്രഫഷനല്‍ താരമെന്ന നിലയില്‍ ഏതു രാജ്യത്തും ക്രിക്കറ്റ് കളിക്കാന്‍ തയാറായിരിക്കണം. ഇതൊരു രാജ്യാന്തര മത്സരയിനമാണ്. അതിന് ലോകവ്യാപകമായി ഒട്ടേറെ ആരാധകരുണ്ട്. പ്രത്യേകിച്ചും പാക്കിസ്ഥാനില്‍. ദീര്‍ഘനാളുകള്‍ക്കുശേഷം അവിടെ കളിക്കാന്‍ പോകുന്നതിന്റെ ആവേശം താരങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ, താരങ്ങളുടെ സുരക്ഷയും പ്രധാനമാണ്. ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാല്‍ തലത്തില്‍ ലഭിക്കുമ്പോള്‍ അതിനു മുകളിലൊന്നും ചെയ്യാന്‍ താരങ്ങള്‍ക്ക് കഴിയില്ല’ വില്യംസന്‍ ചൂണ്ടിക്കാട്ടി.

‘പരമ്പര റദ്ദാക്കിയതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എനിക്കറിയില്ല. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. തീര്‍ച്ചയായും അതു നാണക്കേടുമാണ്. ക്രിക്കറ്റിന് പാക്കിസ്ഥാനില്‍ കടുത്ത ആരാധകരുണ്ട്. മികച്ച പിന്തുണയുമുണ്ട്. പരമ്പര പൂര്‍ത്തിയാക്കാതെ മടങ്ങിയതില്‍ കളിക്കാര്‍ക്ക് തീര്‍ച്ചയായും വിഷമമുണ്ടാകും. ഞാന്‍ ഐപിഎലിനായി ദുബായിലായതിനാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ’ വില്യംസന്‍ പറഞ്ഞു.

 

You Might Also Like