ഹൂപ്പര്‍ ഇനി കളിയ്ക്കുക ആ ക്ലബിനായി, പ്രഖ്യാപനം വന്നു

Image 3
FootballISL

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരമായ ഗാരി ഹൂപ്പര്‍ തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങി. ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തതിന് പിന്നാലെ തന്റെ പഴയ എ ലീഗ് ക്ലബായ വെല്ലിങ്ടന്‍ ഫീനിസ്‌കിലേക്കാണ് ഹൂപ്പര്‍ മടങ്ങിയത്.

കഴിഞ്ഞ ദിവസം ഹൂപ്പറടക്കം എല്ലാ വിദേശ താരങ്ങളേയും ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൂപ്പര്‍ വെല്ലിങ്ടണ്‍ ഫീനിസ്‌കിലേക്ക് മടങ്ങിയത്. ഓസ്‌ട്രേലിയന്‍ എ ക്ലബ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇംഗ്ലീഷ് സ്‌ട്രൈക്കരായ ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിലെത്തും മുമ്പാണ് ഫീനിക്‌സില്‍ കളിച്ചത്. തുടര്‍ന്നാണ് കഴിഞ്ഞ സീസണില്‍ മികച്ച ഓഫര്‍ നല്‍കി ഹൂപ്പറെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുകയായിരുന്നു. സീസണ്‍ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച ഹൂപ്പര്‍ എന്നാല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ മികവ് വീണ്ടെടുത്തിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി അഞ്ച് ഗോളുകള്‍ നേടിയ ഹൂപ്പര്‍ നാല് ഗോളിന് വഴിയുമൊരുക്കി.

രണ്ട് വര്‍ഷത്തെ കരാറിലാണ് ഹൂപ്പര്‍ ഫീനിക്‌സില്‍ മടങ്ങിയെത്തുന്നത്. മുമ്പ് ഫീനിക്‌സിനായി കളിച്ചപ്പോള്‍ 21 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ ഹൂപ്പര്‍ നേടിയിരുന്നു. സൂപ്പര്‍ക്ലബ് ടോട്ടനത്തിന്റെ അക്കാദമി താരമാണ് ഹൂപ്പര്‍. കെല്‍റ്റിക്ക്, നോര്‍വിച്ച് സിറ്റി തുടങ്ങിയ പ്രധാന ക്ലബുകള്‍ക്കായും ഹൂപ്പര്‍ കളിച്ചിട്ടുണ്ട്.