ജിങ്കന് എടികെയുമായുളള രഹസ്യ കരാര്‍ വ്യവസ്ഥ പുറത്ത്

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാമെല്ലാമായിരുന്ന സന്ദേഷ് ജിങ്കന്‍ ടീം വിട്ടത് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്ത് തന്നെ വലിയ വാര്‍ത്തയായിരുന്നല്ലോ. വിദേശ ക്ലബിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സുമായുളള ഐഎസ്എല്‍ തുടങ്ങിയപ്പോള്‍ മുതലുളള ബന്ധം ഉപേക്ഷിച്ചത്.

എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് ജിങ്കന്‍ വിദേശത്ത് പോയില്ല എന്ന് മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സിന്റെ ബദ്ധവൈരികളായ എടികെ മോഹന്‍ ബഗാനുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പിടുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറെ മനോവിഷമം ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു അത്.

എന്നാല്‍ ജിങ്കന്‍ അത്തരത്തിലൊരു തീരുമാനം എടുത്തതിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ.

ജിങ്കന്‍ ഇംഗ്ലണ്ടിലേക്ക് പോകാനായിരുന്നത്രെ ബ്ലാസ്‌റ്റേഴ്‌സുമായുളള കരാര്‍ ഉപേക്ഷിച്ചത്. എന്നാല്‍ കോവിഡ് കാരണമുളള നിയന്ത്രങ്ങള്‍ ജിങ്കന്റെ ആസൂത്രങ്ങളെ തകിടം മറിക്കുകയായിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് വിസ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കോവിഡ് കാരണം ലഭിക്കില്ല എന്ന അവസ്ഥവന്നു.

ഇതിനിടെയാണ് വലിയൊരു ആകര്‍ശകരമായ പ്രൊജക്റ്റുമായി എടികെ മോഹന്‍ ബഗാന്‍ ജിങ്കനെ സമീപിച്ചത്. ഇതോടെ താരം ആ കാരാറില്‍ ഒപ്പ് വെക്കുകയായിരുന്നത്രെ.

അതെസമയം എടികെയുമായുളള ജിങ്കന്റെ സുപ്രധാന കരാര്‍ വ്യവസ്ഥയും മാര്‍ക്കസ് വെളിപ്പെടുത്തുന്നുണ്ട്. ജി്ങ്കന്‍ ഉടന്‍ തന്നെയോ അതോ പിന്നീടെപ്പോഴോ വിദേശത്തേക്ക് ചേക്കേറാന്‍ ശ്രമിച്ചാല്‍ ക്ലബ് അ്‌ദ്ദേഹത്തിന് മാര്‍ഗ തടസ്സം സൃഷ്ടിക്കില്ല എന്ന ഉറപ്പിലാണത്രെ ജിങ്കന്‍ എടികെയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ എടികെ മോഹന്‍ ബഗാനെ ഐഎസ്എല്ലിലും എഎഫ്‌സി കപ്പിലും വിജയത്തിലേക്കെത്തിക്കാനുളള കഠിന പരിശ്രമത്തിലാണ് ജിങ്കന്‍.