ചോര വീഴും വരെ പൊരുതി, ഈസ്റ്റ് ബംഗാളിനോട് തോറ്റ് ബ്ലാസ്റ്റേഴ്‌സ്‌

Image 3
FeaturedFootballISL

ഈസ്റ്റ് ബംഗാള്‍ എഫ്‌സി 2-കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 1

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പോയിന്റുകള്‍ നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, എവേ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയോട് 2-1ന് തോറ്റു. പുതുവര്‍ഷത്തില്‍ ടീമിന്റെ ആദ്യ തോല്‍വി. 20ാം മിനിറ്റില്‍ മലയാളി താരം പി.വി വിഷ്ണുവിലൂടെ മുന്നിലെത്തിയ ആതിഥേയ ടീം 72ാം മിനിറ്റില്‍ ഹിജാസി മഹെറിലൂടെ ലീഡ് കൂട്ടി. 84ാം മിനിറ്റില്‍ പകരതാരം ഡാനിഷ് ഫാറൂഖ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കണ്ടെത്തിയത്. തോറ്റെങ്കിലും 18 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടര്‍ന്നു. തുടര്‍ച്ചയായ മൂന്ന് തോല്‍വിക്ക് ശേഷം വിജയവഴിയിലെത്തിയ ഈസ്റ്റ് ബംഗാള്‍ 17 പോയിന്റുമായി 11ാം സ്ഥാനത്താണ്. ജനുവരി 30ന് ചെന്നൈയിന്‍ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് വേദി.

രണ്ട് മാറ്റങ്ങളായിരുന്നു ബ്ലാസ്റ്റഴ്‌സ് നിരയില്‍. ക്വാമി പെപ്രയും ഐബെന്‍ ഡോഹ്ലിങും മാറി, ജീസസ് ജിമെനെസും സസ്‌പെന്‍ഷന്‍ മാറി നവോച്ച സിങും ആദ്യ ഇലവനിലെത്തി. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ് തുടര്‍ന്നു. പ്രതിരോധത്തില്‍ സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, റുയ്‌വാ ഹോര്‍മിപാം, നവോച്ച സിങ്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, വിബിന്‍ മോഹനന്‍. മുന്നേറ്റത്തില്‍ നോഹ സദൂയ്, കോറു സിങ്, ജീസസ് ജിമിനെസ് എന്നിവര്‍. ഈസ്റ്റ് ബംഗാള്‍ വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍. പ്രതിരോധത്തില്‍ ജീക്‌സണ്‍ സിങ്, ലാല്‍ ചുങ്‌നുംഗ, ഹിജാസി മഹെര്‍, നിഷുകുമാര്‍. മധ്യനിരയില്‍ പി.വി വിഷ്ണു, സൗവിക് ചക്രബര്‍ത്തി, നവോറം സിങ്, റിച്ചാര്‍ഡ് സെലിസ്. മുന്നേറ്റത്തില്‍ നായകന്‍ ക്ലെയ്റ്റണ്‍ സില്‍വയും ദിമിത്രിയോസ് ഡയമന്റാകോസും

തുടക്കത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ സമ്മര്‍ദത്തിലാക്കി. കോറു സിങും നോഹയും ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ പരീക്ഷിച്ചു. 14ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഗോളിനായി ആദ്യശ്രമം നടത്തി. ഡയമന്റകോസിന്റെ കരുത്തുറ്റൊരു ഷോട്ടിനെ ഒറ്റക്കൈ കൊണ്ട് സച്ചിന്‍ സുരേഷ് ഗതിമാറ്റി. തൊട്ടടുത്ത നിമിഷം ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ക്ലെയ്റ്റന്‍ സില്‍വ നേരിട്ടുള്ള ഷോട്ടിന് ശ്രമിച്ചു. സച്ചിന്‍ സുരേഷ് പന്തിനെ തടഞ്ഞെങ്കിലും കൈപ്പിടിയിലാക്കാനായില്ല. ക്ലോസ് റേഞ്ചില്‍ റിച്ചാര്‍ഡ് സെലിസ് മറ്റൊരു ശ്രമം നടത്തിയെങ്കിലും വിഫലമായി. സെറ്റ്പീസിലൂടെ ഈസ്റ്റ് ബംഗാള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് തുടര്‍ന്നു, 21ാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. സ്വന്തം ബോക്‌സില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ ക്ലെയ്റ്റണ്‍ വലതുപാര്‍ശ്വത്തില്‍ നിന്ന മലയാളി താരം പി.വി വിഷ്ണുവിന് ക്രോസ് നല്‍കി. പന്തുമായി ബോക്‌സിലേക്ക് കുതിച്ച വിഷ്ണു, ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെയും ഗോളിയുടെയും ആശയക്കുഴപ്പം മുതലെടുത്ത് ഇടങ്കാല്‍ കൊണ്ട് വലയിലേക്ക് പന്തിനെ മനോഹരമായി പ്ലേസ് ചെയ്തു. വലക്ക് മുന്നില്‍ കോറു സിങിനും പന്തിനെ ക്ലിയര്‍ ചെയ്യാനായില്ല. 26ാം മിനിറ്റില്‍ ബോക്‌സിന്റെ ഒത്തനടുവില്‍ നിന്ന് ക്ലെയ്റ്റന്‍ സില്‍വയുടെ ഒരു വലങ്കാലന്‍ ഷോട്ട് സച്ചിന്‍ സുരേഷ് അതേമികവില്‍ വലയ്ക്ക് മുകളിലാക്കി. 34ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ പന്തുമായി ബംഗാള്‍ ബോക്‌സിലേക്ക് കുതിച്ചെങ്കിലും ലാല്‍ ചുങ്‌നുംഗ തടഞ്ഞിട്ടു, പക്ഷേ പെനാല്‍റ്റിക്കായുള്ള അപ്പീല്‍ റഫറി അംഗീകരിച്ചില്ല. തൊട്ടുപിന്നാലെ റിച്ചാര്‍ഡ് സെലിസിന്റെ ഒരു ഷോട്ട് ഇടതുപോസ്റ്റില്‍ തട്ടിത്തെറിച്ചു. 39ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കോര്‍ണര്‍ നേടി. ലൂണയുടെ ക്രോസില്‍ ജിമെനെസ് ഹെഡറിന് ശ്രമിച്ചു, ലക്ഷ്യം പാളി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നിഷു കുമാറിന്റെ കട്ട് ബാക്ക് സച്ചിന്‍ സുരേഷ് സമര്‍ഥമായി ഡൈവ് ചെയ്ത് ലക്ഷ്യത്തിന് പുറത്താക്കി. ആദ്യപകുതിയില്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല.

ഇടവേളയ്ക്കുശേഷം ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചുകളിച്ചു. വലതുവിങില്‍ നിന്ന് ബോക്‌സില്‍ നോഹയെ ലക്ഷ്യമാക്കി ലൂണ മനോഹരമായി പന്ത് കൈമാറി, പക്ഷേ പ്രഭ്‌സുഖന്‍ ഗില്‍ പന്തിനെ നിയന്ത്രണത്തിലാക്കി. തൊട്ടടുത്ത മിനിറ്റില്‍ ബോക്‌സിനരികെ ഡയമന്റകോസിന്റെ ഷോട്ട് കൃത്യം സച്ചിന്‍ സുരേഷിന്റെ കയ്യിലെത്തി. ഒപ്പമെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ ബോക്‌സിലേക്ക് ഇരച്ചുകയറി, നോഹ സദൂയിയായിരുന്നു ആക്രമണം നയിച്ചത്. തുടര്‍ച്ചയായി ആതിഥേയരുടെ വല ലക്ഷ്യമാക്കി പന്തെത്തി. ബോക്‌സിന് തൊട്ടുപുറത്ത് നോഹ നല്‍കിയ മികച്ചൊരു പന്തില്‍ ഫ്രെഡി ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റി. ബ്ലാസ്റ്റേഴ്‌സ് കളിയിലെ ആദ്യമാറ്റം വരുത്തി, ഡ്രിന്‍സിച്ചിന് പകരം പെപ്ര കളത്തിലെത്തി. 60ാം മിനിറ്റില്‍ നോഹയുടെ ലോങ് റേഞ്ചറും ലക്ഷ്യം കാണാതെ പോയി. ബോക്‌സിനകത്ത് നോഹയുടെ മറ്റൊരു ഗോള്‍ശ്രമം കൂടി ബംഗാള്‍ നിര ബ്ലോക്ക് ചെയ്തു. പ്രത്യാക്രമണത്തിന് സന്ദര്‍ശകര്‍ ശ്രമിച്ചെങ്കിലും ഹോര്‍മിപാം തടയിട്ടു. കോറു സിങിന് പകരക്കാരനായി ലാല്‍തന്‍മാവിയ എത്തി. ബ്ലാസ്റ്റേഴ്‌സ് സമനിലക്കായി ആഞ്ഞു ശ്രമിക്കവേ ഈസ്റ്റ് ബംഗാള്‍ രണ്ടാം ഗോളിലെത്തി. കോര്‍ണര്‍ കിക്കില്‍ നിന്നുളള പന്തിന് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ജോര്‍ദാന്‍ താരം ഹിജാസി മഹെര്‍ കൃത്യം തലവച്ചു, ക്ലോസ് റേഞ്ചിലെ ഹെഡറില്‍ അനാസായം വല കുലുങ്ങി.

രണ്ട് ഗോള്‍ ലീഡ് വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പതറാതെ കളിച്ചു, ക്വാമി പെപ്രയും ജിമിനെസും തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. 80ാം മിനിറ്റില്‍ വിബിന്‍ മോഹനന് പകരം ഡാനിഷ് ഫാറൂഖ് കളത്തില്‍, ആ മാറ്റം കളിയിലും പ്രതിഫലിച്ചു. 84ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പന്ത് ഹിജാസി മഹെര്‍ വലയ്ക്ക് മുന്നില്‍ ക്ലിയര്‍ ചെയ്തു. വീണ്ടും ബോക്‌സില്‍ വീണ പന്ത് പിടിച്ചെടുക്കാന്‍ ഇരുടീമുകളുടെയും ശ്രമം. പന്ത് നേടിയ ഡാനിഷ് ഫാറൂഖ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ വലയുടെ വലത് മുകള്‍ഭാഗത്ത് പന്ത് പതിപ്പിച്ചു. അവസാന മിനിറ്റുകളില്‍ ക്വാമി പെപ്ര രണ്ട് ശ്രമങ്ങള്‍ കൂടി നടത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന്റെ ജയം തടയാനായില്ല.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in