ലാലിഗയല്ല പ്രീമിയര്‍ ലീഗ്, മെസിയ്ക്ക് മുന്നറിയിപ്പുമായി ഹിഗ്വയ്ൻ

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ തന്റെ അർജന്റീനൻ സഹതാരത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യുവന്റസിന്റെ അർജന്റൈൻ താരം ഗോൺസാലോ ഹിഗ്വയ്‌ൻ.
ബാഴ്സയിൽ അടിയന്തിരാവസ്ഥ നിലനിൽക്കെ മെസ്സി സിറ്റിയിലേക്ക് കൂടുമാറുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഹിഗ്വയ്‌ൻ മെസ്സിക്ക് മുന്നറിയിപ്പെന്ന രീതിയിൽ ചില കാര്യങ്ങൾ പറഞ്ഞത്. ലാലിഗയെ പോലെയല്ല പ്രീമിയർ ലീഗെന്നും അവിടുത്തെ പ്രതിരോധം കടുത്തതാണെന്നും ഹിഗ്വയ്‌ൻ അഭിപ്രായപ്പെട്ടു. താൻ അവിടെ ബുദ്ധിമുട്ടിയിരുന്നുവെന്നും മെസ്സിക്കും അത് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്നും അദ്ദേഹം മെസിക്ക് മുന്നറിയിപ്പു നൽകുന്നു.
Gonzalo Higuain tells Lionel Messi NOT to leave Barcelona for the Premier League because 'defenders kick the s*** out of you' https://t.co/25COvIqltZ
— Mail Sport (@MailSport) August 18, 2020
” ഞാൻ പ്രീമിയർ ലീഗിൽ ഒരുപാട് ബുദ്ദിമുട്ടനുഭവിച്ചിരുന്നു. ആറു മാസം കൊണ്ട് അവിടുത്തെ കളി രീതികളുമായി ഇണങ്ങിച്ചേരാൻ ഞാൻ പ്രയാസമനുഭവിച്ചു. പ്രീമിയർ ലീഗ് ലാലിഗയെ പോലെയല്ല. അവിടുത്തെ ഡിഫൻഡേഴ്‌സ് വലിയ രീതിയിൽ ശാരീരികമായാണ് നേരിടുക. അതിന് ലാലിഗയിലെ പോലെ ഫൗളുകളോ ഫ്രീകിക്കുകളോ ഒന്നും തന്നെ ലഭിക്കുകയില്ല.”
“അത് മെസ്സിയെ എത്രത്തോളം ബാധിക്കുമെന്ന് എനിക്ക് പറയാനാവില്ല. പക്ഷ മികച്ച താരമെന്ന നിലയിൽ ഈ തടസ്സങ്ങൾ അധികം അദ്ദേഹത്തെ ബാധിക്കുമെന്നും ഞാൻ കരുതുന്നില്ല” ഹിഗ്വയ്‌ൻ ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താരം 2019-ൽ ചെൽസിക്ക് വേണ്ടി 18 മത്സരങ്ങളിൽ ലോണിൽ കളിച്ചിരുന്നു. അതിൽ നിന്നുള്ള അനുഭവങ്ങളാണ് ഹിഗ്വയ്ൻ പങ്കുവെച്ചത്.