പാസു നൽകാതെ ഒറ്റക്കു ഗോളടിക്കാൻ ശ്രമിച്ച് റൊണാൾഡോ, നിരാശനായി ഹിഗ്വയ്ൻ

Image 3
FeaturedFootball

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെങ്കിലും തന്റെ സഹതാരങ്ങൾക്ക് അവസരം നൽകാതെ ഒറ്റക്ക് ഗോളടിക്കാൻ ശ്രമിക്കാറുണ്ടെന്ന ആരോപണം പലപ്പോഴും റൊണാൾഡോക്കു നേരെ ഉയർന്നിട്ടുണ്ട്. കളിക്കളത്തിൽ പോർച്ചുഗീസ് താരം സ്വാർത്ഥനാണെന്ന് പലരും പറയുമ്പോൾ ആ സ്വാർത്ഥതയാണു താരത്തിന്റെ മികവിനു കാരണമെന്ന് പറയുന്നവരും കുറവല്ല.

യുവൻറസും സാംപ്ദോറിയയും തമ്മിൽ നടന്ന കഴിഞ്ഞ ലീഗ് മത്സരത്തിൽ സമാനമായൊരു സംഭവം അരങ്ങേറിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മത്സരത്തിൽ യുവന്റസിനെ മുന്നേറ്റത്തിനിടയിൽ വച്ച് പാസ് നൽകാൻ റോണാൾഡോക്കു കഴിയുമായിരുന്നിട്ടും അതൊഴിവാക്കി താരം ഒറ്റക്കു ഗോളടിക്കാൻ ശ്രമിക്കുന്നതിൽ ഹിഗ്വയ്ന്റെ നിരാശപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്.

മത്സരത്തിനിടെ യുവന്റസിന്റെ പ്രത്യാക്രമണത്തിലാണ് സംഭവം നടന്നത്. ഹിഗ്വയ്ൻ റൊണാൾഡോക്കു പന്തു നൽകി എതിർപ്രതിരോധത്തെ മുറിച്ച് മുന്നോട്ടു നീങ്ങിയെങ്കിലും റൊണാൾഡോ പാസു നൽകാതെ കട്ട് ചെയ്തു മുന്നേറി ബോക്സിനു പുറത്തു നിന്നും ഷോട്ടുതിർക്കുകയായിരുന്നു. ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിൽ ബെർനാഡെഷി വല കുലുക്കി.

ആ മുന്നേറ്റം ഗോളിൽ അവസാനിച്ചെങ്കിലും ഹിഗ്വയ്ൻ ഒട്ടും തൃപ്തനായിരുന്നില്ല എന്നു താരത്തിന്റെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഗോളാഘോഷത്തിൽ പങ്കെടുക്കാനും താരം ആവേശം കാണിച്ചില്ല. മത്സരം രണ്ടു ഗോളുകൾക്കു വിജയിച്ച യുവന്റസ് ലീഗ് കിരീടം നേടിയിരുന്നു.