പൊറുക്കാനാകാത്ത തെറ്റ് ചെയ്ത് ഈ ഐഎസ്എല്‍ ക്ലബ്, സ്ഥിതി ഗുരുതരം
ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച ടീമാണ് ഹൈദരാബാദ്. ആദ്യ സീസണിന്റെ ആനുകൂല്യങ്ങള്‍ വെച്ച് കൊടുത്ത് ആരാധകര്‍ ക്ഷമിയ്ക്കുമെങ്കിലും ഇപ്പോള്‍ പുറത്ത് വരുന്നത് ക്ലബിനുളളിലെ ഗുരുതര പ്രശ്‌നങ്ങളാണ്.
നിലവില്‍ ഹൈദരാബാദ് എഫ്.സിക്കെതിരെ പരാതിയുമായി മുന്‍ പരിശീലകന്‍ ഫില്‍ ബ്രൗണും ഒരു സംഘം കളിക്കാരും. 2020-ല്‍ ഇതുവരെ തങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന ഗുരുതര ആരോപണം ഉന്നയിച്ചാണ് താരങ്ങളും ബ്രൗണും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സീസണ്‍ തുടക്കം മുതല്‍ പ്രതിഫലം വൈകിയിരുന്നു, പുതിയ ക്ലബായതുകൊണ്ടുള്ള പ്രശ്‌നങ്ങളാണതെന്ന് ഞങ്ങള്‍ക്ക് അറിയാം അത് മനസിലാക്കിയിരുന്നു. എന്നാല്‍ ഡിസംബറിന് ശേഷം ഞങ്ങള്‍ക്ക് ഇതുവരെ പ്രതിഫലം കിട്ടിയിട്ടില്ല, പേര് വെളിപ്പെടുത്താത്ത ഒരു വിദേശതാരം പറഞ്ഞു.
കളിക്കാരുടെയും ജനുവരിയില്‍ പുറത്താക്കപ്പെട്ട ബ്രൗണിന്റേയും പരാതിക്കത്തുകള്‍ കിട്ടിയതായി ഫെഡറേഷന്‍ അധികൃതരും അറിയിച്ചു. അതേസമയം തന്നെ സീസണ്‍ ഒടുവില്‍ തന്നെ കളിക്കാരുടേയും രണ്ടാഴ്ച മുമ്പ് ബ്രൗണിന്റേയും കത്തുകള്‍ ഫെഡറേഷനിലെത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതേക്കുറിച്ച് ക്ലബ് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഐ.എസ്.എല്ലില്‍ ഈ സീസണില്‍ അരങ്ങേറിയ ക്ലബാണ് ഹൈദരാബാദ്. ലീഗില്‍ ഏറ്റവും അവസാനമായാണ് ക്ലബ് ഫിനിഷ് ചെയ്തത്. ലീഗില്‍ ക്ലബിന്റെ അവസാന മത്സരം കഴിഞ്ഞ് രണ്ട് മാസത്തോളം പിന്നിടുമ്പോഴാണ് താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.