പന്തിന്റെ ‘കലമ്പലില്‍’ നിയന്ത്രണം വിട്ട് വെയ്ഡ്, പരസ്യ ഏറ്റുമുട്ടല്‍

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്റെ ‘പ്രകടനം’ ക്രിക്കറ്റ് പ്രേമികളെല്ലാം ഉറ്റ് നോക്കുന്നുണ്ടായിരുന്നു. ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും വലിയ ആയുധം ഗ്ലൗ ആണെങ്കില്‍ പന്തിന് ഗ്ലൗവിനൊപ്പം തന്റെ വായും വലിയ ആയുധമായിരുന്നു.

ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ സൈ്വര്യം കെടുത്തും വിധം ഒരോ പന്തിനൊപ്പവും പന്തും എന്തെങ്കിലുമൊക്കെ ഒച്ചയുണ്ടാക്കി കൊണ്ടിരുന്നു. എന്നാല്‍ ഓസീസ് താരങ്ങള്‍ പലപ്പോഴും സംയമനം പാലിക്കുന്ന കാഴ്ച്ചയാണ് മൈതാനത്ത് കണ്ടത്.

ഇതിനിടെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് ഓപ്പണര്‍ മാത്യു വെയ്ഡിന്റെ നിയന്ത്രം വിട്ടു. ഇരുവരും പരസ്പരം കളിയാക്കിയായിരുന്നു കൊമ്പു കോര്‍ത്തത്.

പതിനാറാമത്തെ ഓവര്‍ അവസാനിക്കുന്നതിനിടെ, പന്തിന്റെ ഭാരം സംബന്ധിച്ച് വൈഡ് പരിഹസിക്കുന്നത് കേള്‍ക്കാമായിരുന്നു. ”നിനക്ക് 25 കിലോ അമിതഭാരമുണ്ട്. അതോ 20 കിലോയാണോ 30 കിലോയാണോ? ‘ എന്നായിരുന്നു വൈഡിന്റെ പരിഹാസം.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമുളള സെഷനിലെ ഇരുവരുടേയും വാക്‌പോര് സ്റ്റംപ് മൈക്കാണ് പിടിച്ചെടുത്തത്. വെയ്ഡ് ബാറ്റു ചെയ്യുന്നതിനിടെ പന്ത് പിറകില്‍ നിന്നു ചിരിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ പന്തിന്റെ ചിരി അനുകരിച്ച് വെയ്ഡും മറുപടി കൊടുത്തു. ബിഗ് സ്‌ക്രീനിലേക്ക് നോക്കി, പന്ത് ചെയ്തതു എന്തു തമാശയാണെന്നു മനസിലാക്കാനും വെയ്ഡ് താരത്തോട് പറഞ്ഞു. താരങ്ങളുടെ വാക്‌പോര് കേട്ട് കമന്റേറ്റര്‍മാരും മത്സരത്തിനിടെ ചിരിക്കുന്നതു കേള്‍ക്കാം.

മത്സരത്തിനിടെ ഒരു മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പന്തിനെതിരെ വെയ്ഡ് രംഗത്തെത്തുകയും ചെയ്തു. ഒരു കാര്യവും ഇല്ലെങ്കിലും പന്ത് വെറുതെ ചിരിച്ചുകൊണ്ടിരിക്കുകയാണ്. എന്താണിത്ര തമാശയെന്ന് എനിക്കു മനസ്സിലാകുന്നില്ല, അത് ഉറപ്പായും എന്റെ ബാറ്റിങ്ങിനെക്കുറിച്ചാകണം’ വെയ്ഡ് തുറന്നടിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ 137 പന്തില്‍ 40 റണ്‍സെടുത്താണ് വെയ്ഡ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ വെയ്ഡ് എല്‍ബി ആകുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വെയ്ഡ് 30 റണ്‍സ് നേടിയിരുന്നു.

You Might Also Like