ഹീത്ത് സ്ട്രീക്കിനെ എട്ട് വര്‍ഷത്തേക്ക് വിലക്കി ഐസിസി, ഞെട്ടി ക്രിക്കറ്റ് ലോകം

Image 3
CricketCricket News

സിംബാബ്വെ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഹീത്ത് സ്ട്രീക്കിനെ എട്ട് വര്‍ഷത്തേക്ക് വിലക്കി ഇന്റനാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഹീത്ത് ട്രീക്കിനെ വിലക്കിയതെന്നാണ് സൂചന.

ഈ കാലയളവില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയിലും സ്ട്രീക്ക് ഇടപെടാന്‍ പാടില്ല. ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ച് ഏറെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്.

സ്ട്രീക്ക് തന്റെ പ്ലേയിംഗ് കരിയറിന് ശേഷം കോച്ചായി തുടര്‍ന്നപ്പോള്‍ കോഴ വാങ്ങിയെന്നതിന്മേലുള്ള അന്വേഷണത്തിലാണ് ഐസിസിയുടെ ഈ നടപടി. സിംബാബ്‌വേയുടെ കോച്ചായും ടി20 ലീഗുകളില്‍ നിന്നുമുള്ള വിവരം താരം വാതുവെപ്പുകാര്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ഐപില്‍, ബിപില്‍െ, അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

2016-2018 സമയത്ത് സിംബാബ്വെയുടെ പരിശീലകനായിരുന്നപ്പോള്‍ സ്ട്രീക്കിന് നേരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് ഇപ്പോള്‍ നടപടി. ആ സമയത്ത് വിവിധ ക്രിക്കറ്റ് ലീഗുകളിലെ ഫ്രാഞ്ചൈസികള്‍ക്കൊപ്പവും സ്ട്രീക്ക് പ്രവര്‍ത്തിച്ചിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കോച്ചിംഗ് സ്റ്റാഫിലും സ്ട്രീക്ക് ഉണ്ടായിരുന്നു. 2018ലെ ത്രിരാഷ്ട്ര പരമ്പരയ്ക്കിടയിലേയും ഐപിഎല്ലിലേയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റവും സ്ട്രീക്കിന് മേലുണ്ട്.

2029 മാര്‍ച്ചിലാണ് ക്രിക്കറ്റിലേക്ക് ഇനി സ്ട്രീക്കിന് മടങ്ങിയെത്താനാവുക. 65 ടെസ്റ്റും, 189 ഏകദിനവും സിംബാബ്വെയ്ക്ക് വേണ്ടി സ്ട്രീക്ക് കളിച്ചു. 1993ലായിരുന്നു അരങ്ങേറ്റം. ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും നേടി. ടെസ്റ്റില്‍ 216 വിക്കറ്റും ഏകദിനത്തില്‍ 239 വിക്കറ്റും സ്ട്രീക്കിന്റെ അക്കൗണ്ടിലുണ്ട്. 2005ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.