ഹൃദയം തകര്‍ന്നു, ടീമില്‍ നിന്നും പുറത്താക്കിയത് ഉള്‍കൊള്ളാനാകാതെ ഇന്ത്യന്‍ താരം

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതില്‍ നിരാശ പരസ്യമാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷെല്‍ഡന്‍ ജാക്ക്‌സണ്‍. ട്വിറ്ററിലൂടെയാണ് തന്റെ നിരാശ ജാക്കസണ്‍ പരസ്യമാക്കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന ജാക്ക്‌സണ്‍ ടീമിലേക്ക് വിളിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.

ടീം പ്രഖ്യാപനത്തിന് പിന്നാലെ തകര്‍ന്ന ഹൃദയം പിളര്‍ന്ന ഇമോജി ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിലുള്ള തന്റെ നിരാശ ജാക്ക്‌സണ്‍ പങ്കു വെച്ചത്. നിരവധി ക്രിക്കറ്റ് ആരാധകരാണ് ജാക്കസണെ ആശ്വസിപ്പിച്ച് ഇതോടെ രംഗത്തെത്തിയത്.

സമീപകാലത്തായി അഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ജാക്‌സണ്‍ അവസാന രണ്ട് രഞ്ജി സീസണുകളിലും 800 ലധികം റണ്‍സ് നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 76 മത്സരങ്ങളില്‍ 5634 റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം 60 ലിസ്റ്റ് എ മത്സരങ്ങളില്‍ 2096 റണ്‍സും, 59 ടി20 മത്സരങ്ങളില്‍ 1240 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ലങ്കന്‍ പര്യടനത്തില്‍ പ്രായമാണ് ജാക്കസണ് വെല്ലുവിളിയായത്. മുപ്പത്തിനാലുകാരനായ ജാക്‌സണെ ഇനി ടീം ഇന്ത്യയിലേക്ക് പരിഗണിക്കേണ്ടെന്നാണ് സെലക്ടര്‍മാരുടെ തീരുമാനം. നേരത്തെ യുവതാരങ്ങളെക്കാള്‍ നന്നായി താന്‍ കളിയ്ക്കുന്നുണ്ടെന്നും പ്രായം മുപ്പത് കഴിഞ്ഞാല്‍ ടീമിലേക്ക് തിരഞ്ഞെടുക്കില്ലെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോയെന്നും ജാക്ക്‌സണ്‍ ചോദിച്ചത് വിവാദമായിരുന്നു.

കഴിഞ്ഞ ദിവമാണ് ലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ശിഖര്‍ ധവാന്‍ നായകനായ 20 അംഗ ടീമില്‍ ആറ് അണ്‍ക്യാപ്പ്ഡ് താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

You Might Also Like