ആ അരങ്ങേറാത്ത ഇന്ത്യന്‍ താരം യുവാവായ പൊള്ളാര്‍ഡ്. തുറന്ന പറഞ്ഞ് സെവാഗ്

ഐപിഎല്‍ പതിനാലാം സീസണിലെ കണ്ടെത്തലായി പറയാന്‍ കഴിയുന്ന താരങ്ങളിലൊരാളാണ് പഞ്ചാബ് കിംഗ്സിന്റെ മുഹമ്മദ് ഷാരൂഖ് ഖാന്റേത്. സീസണില്‍ കൂടുതല്‍ വലിയ സ്‌കോറുകളൊന്നും നേടാനിയില്ലെങ്കിലും വരവറിയ്ക്കാന്‍ ഈ തമിഴനാട് ബാറ്റ്‌സ്മാന് കഴിഞ്ഞു.

ഇപ്പോഴിതാ ഷാറൂഖാനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്ത വന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ കീറോണ്‍ പൊള്ളാര്‍ഡുമായാണ് 25കാരനായ ഷാരൂഖ് ഖാനെ സെവാഗ് താരതമ്യം ചെയ്യുന്നത്.

‘ഐപിഎല്ലിലേക്ക് എത്തിയപ്പോഴുള്ള യുവ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുകയാണ് അദേഹം. എല്ലാവരും പൊള്ളാര്‍ഡിനെ പിന്തുടരുകയായിരുന്നു. കാരണം ക്രീസില്‍ നിന്ന് അനായാസം ബൗളര്‍മാരെ സിക്സറിന് പറത്തുകയായിരുന്നു പൊള്ളാര്‍ഡ്. വലിയ ഇന്നിംഗ്സുകള്‍ കളിച്ചിട്ടില്ല എങ്കില്‍ക്കൂടിയും ഷാരൂഖിനും ഇതേ ക്വാളിറ്റിയുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചാല്‍ ടി20യില്‍ സെഞ്ചുറി വരെ നേടാം’ എന്നും സെവാഗ് ക്രിക്ബസിനോട് പറഞ്ഞു.

6*, 47, 15*, 22, 13, 0, 4 എന്നിങ്ങനെയായിരുന്നു ഐപിഎല്‍ സ്‌കോറുകള്‍. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഇതുവരെ ഒരു സെഞ്ചുറി പോലും ഷാരൂഖ് നേടിയിട്ടില്ല. 92*, 69* എന്നിങ്ങനെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും താരത്തിന്റെ ഉയര്‍ന്ന സ്‌കോറുകള്‍.

ഐപിഎല്‍ പതിനാലാം സീസണില്‍ മൂന്ന് സെഞ്ചുറികള്‍ മാത്രമാണ് ഇതിനകം പിറന്നിട്ടുള്ളൂ. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍(119), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍(101), രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ലര്‍(124) എന്നിവരാണ് മൂന്നക്കം കണ്ടത്.

തമിഴ്‌നാട് താരമായ ഷാരൂഖ് ഖാനെ ഐപിഎല്ലില്‍ വാശിയേറിയ ലേലം വിളിക്കൊടുവിലാണ് പഞ്ചാബ് 5.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത്. ഷാരൂഖ് ഖാന് വേണ്ടി ഡല്‍ഹിയും ബാംഗ്ലൂരും ശക്തമായി രംഗത്തുണ്ടായിരുന്നു. പൊള്ളാര്‍ഡിനെ ഷാരൂഖ് ഓര്‍മ്മിപ്പിക്കുന്നു എന്ന് പഞ്ചാബ് കിംഗ്സ് പരിശീലകന്‍ അനില്‍ കുംബ്ലെയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

 

You Might Also Like