ഇന്ത്യ ആവേശത്തിലാറാടുമ്പോള്‍ തലകുനിച്ച് നില്‍ക്കുകയാണ് ആ ഇന്ത്യന്‍ താരം

ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത് ആഘോഷിക്കുകയാണ് ക്രിക്കറ്റ് ലോകം. അപ്പോഴും വിമര്‍ശനശരങ്ങള്‍ ഏറ്റ് പുളയുന്ന ഒരു ഇന്ത്യന്‍ താരമുണ്ട്. അത് മറ്റാരുമല്ല ഇന്ത്യന്‍ ഓപ്പണറും ഉപനായകനുമായ കെഎല്‍ രാഹുലാണ്.

അരങ്ങേറ്റക്കാരന്‍ പേസര്‍ നസീം ഷായുടെ പന്തില്‍ ഇന്‍സൈഡ് എഡ്ജായി ഗോള്‍ഡണ്‍ ഡെക്കായി പുറത്തായതിന് പിന്നാലെയാണ് രാഹുല്‍ ആരാധകരുടെ നോട്ടപ്പുള്ളിയായിരിക്കുന്നത്. സിംബാബ് വെ പര്യടനത്തിന് പുറമെ ഏഷ്യകപ്പിലും രാഹുല്‍ മോശം ഫോം തുടരുമ്പോള്‍ ആരാധകര്‍ക്ക് അത് ഒട്ടും ഉള്‍കൊള്ളാനാകുന്നില്ല.

പരിക്കിന്റെയും കൊവിഡിന്റേയും നീണ്ട ഇടവേള കഴിഞ്ഞ് സിംബാബ്വെന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിലും ഫോമിലേക്ക് എത്തിയില്ല. പാകിസ്ഥാന്റെ 147 റണ്‍സ് പിന്തുടരവെ നസീം ഷായുടെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു കെ എല്‍ രാഹുല്‍. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കവെ ഇന്‍സൈഡ് എഡ്ജായി ബെയ്ല്‍സ് തെറിക്കുകയായിരുന്നു.

രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ഒന്നില്‍ എത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. ഉപനായകനായിട്ടും രാഹുല്‍ ഉത്തരവാദിത്തം കാട്ടുന്നില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ വിമര്‍ശിക്കുന്നത്. വമ്പന്‍ മത്സരങ്ങളില്‍ രാഹുലിന് പിഴയ്ക്കുന്നതായി ഒരു ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു.

രാഹുലിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മയും(12) വേഗം പുറത്തായെങ്കിലും 35 റണ്‍സ് വീതമെടുത്ത വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഒടുവില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ മനോഹരമായ ഫിനിഷിംഗ് കൂടിയായതോടെ ഇന്ത്യ അനായാസം ജയിച്ച് കയറുകയായിരുന്നു.

You Might Also Like