കോഹ്ലിയും രോഹിത്തൊന്നുമല്ല, ടീം ഇന്ത്യയിലെ തന്റെ ഹീറോ ആ യുവതാരമെന്ന് ഗില്‍

ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണെന്ന് ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ടീമിലെ ഏറ്റവും അടുത്ത സുഹൃത്തും റിഷഭ് പന്താണെന്നും ഗില്‍ വെളിപ്പെടുത്തി.

‘ജയം മാത്രമാണ് ഈ ടീം ലക്ഷ്യംവെച്ചത്. ഒന്നാം ഇന്നിങ്സില്‍ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും മനോഹരമായി കളിച്ചു. രണ്ടാം ഇന്നിങ്സില്‍ മികച്ച തുടക്കവും ഇന്ത്യക്ക് ലഭിച്ചു. ബൗളര്‍മാരെ ചേതേശ്വര്‍ പുജാര നേരിട്ടത് വളരെ പ്രചോദനം നല്‍കുന്ന രീതിയിലാണ്. അതിന് ശേഷം അവിസ്മരണീയ പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവെച്ചത്.

ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നു ഗില്‍ വ്യക്തമാക്കി. രണ്ടാമിന്നിങ്സില്‍ 91 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഗില്‍ പുറത്തായത്.

ഞാന്‍ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സ്‌കോര്‍ 90കളിലെത്തിയപ്പോള്‍ അല്‍പ്പം പരിഭ്രമിച്ചു. അങ്ങനെയൊരു ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ നിരാശയുണ്ട്. ഇന്ത്യ ജയിച്ച ഈ ടെസ്റ്റില്‍ സെഞ്ച്വറി കൂടി നേടിയിരുന്നെങ്കില്‍ അത് കേക്കിനു മുകളില്‍ ചെറി വയ്ക്കുന്നതുപോലെ മനോഹരമായി മാറുമായിരുന്നുവെന്നും ഗില്‍ പറഞ്ഞു.

മുഹമ്മദ് സിറാജിന്റെ പ്രകടനത്തെയും മനക്കരുത്തിനെയും ഗില്‍ പ്രശംസിച്ചു. സിറാജ് പാജി മഹാനായ വ്യക്തിയാണ്. ഒരു തരത്തിലുള്ള കാര്യങ്ങളും അദ്ദേഹത്തിന്റെ ബൗളിങിനെ ബാധിച്ചില്ല, മാത്രമല്ല വളരെ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. പിതാവിന്റെ വിയോഗവും കാണികളുടെ മോശം പെരുമാറ്റവുമെല്ലാം നേരിട്ടിട്ടും സിറാജ് തന്റെ ഏറ്റവും മികച്ച പ്രകടനം നടന്ന കളിക്കളത്തില്‍ പുറത്തെടുത്തു.

ഐപിഎല്ലിന് മുന്‍പ് യുവരാജ് സിങ്ങിന് ഒപ്പമുള്ള ക്യാംപ് വളരെ അധികം സഹായിച്ചു. ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ അദ്ദേഹം എന്നെ സജ്ജനാക്കി. നൂറുകണക്കിന് ഷോര്‍ട്ട് പിച്ച് ബോളുകള്‍ പല ആംഗിളുകളില്‍ നിന്ന് അദ്ദേഹം എറിയുമായിരുന്നു. അതെന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പന്ത് പറഞ്ഞു.

ഈ നിലവാരത്തില്‍ സ്ഥിരത നിലനിര്‍ത്തുകയാണ് തന്റെ അടുത്ത വലിയ ലക്ഷ്യമെന്നും തന്നെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര വളരെ പ്രധാനപ്പെട്ടതാണെന്നും ഗില്‍ കൂട്ടിചേര്‍ത്തു.

 

You Might Also Like