ശാന്തന്‍, തന്ത്രജ്ഞന്‍, സഞ്ജു ഏറ്റവും സ്വാധീനമുണ്ടാക്കിയ നായകനെന്ന് ഇന്ത്യന്‍ താരം

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പാര്‍ത്ഥീവ് പട്ടേല്‍. മൈതാനത്ത് സഞ്ജുവിന്റെ ശാന്ത സ്വഭാവത്തെയും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിലെ വൈദഗ്ധ്യത്തെയും പാര്‍ഥിവ് പട്ടേല്‍ പ്രശംസിക്കുന്നത്.

‘ഐപിഎല്‍ സീസണില്‍ ഏറ്റവും അധികം സ്വാധീനം പ്രകടമാക്കിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ്. എല്ലാ മത്സരങ്ങളിലും വളരെ ശാന്തനായാണു സഞ്ജുവിനെ കണ്ടത്. അതേ സമയം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ വൈദഗ്ധ്യം പുലര്‍ത്താനും സഞ്ജുവിനായി. ക്യാപ്റ്റന്‍സിയുടെ കാര്യം പരിശോധിച്ചാല്‍ സഞ്ജു വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്’ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

2021ല്‍ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്തതിനു പിന്നാലെയാണു സഞ്ജു രാജസ്ഥാന്‍ നായകനായത്. 2021 സീസണില്‍, പോയിന്റ് പട്ടികയിലെ 7ാം സ്ഥാനത്താണു രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.

എന്നാല്‍, തൊട്ടടുത്ത സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് രാജസ്ഥാന്‍ നടത്തിയത്. മെഗാ താരലേലത്തില്‍ ഉടച്ചുവാര്‍ത്ത ടീമുമായി കളിക്കാന്‍ ഇറങ്ങിയ സഞ്ജു ടീമിനെ പ്ലേ ഓഫിലേക്ക് നയിച്ച് ഫ്രാഞ്ചൈസി തന്നില്‍ അര്‍പിച്ച വിശ്വാസം കാത്തു.

അതെസമയം ഐപിഎല്ലിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നത് സന്തോഷത്തിനിടെ കല്ലുകടിയായി മാറി. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക് എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരേയാണ് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചത്.

You Might Also Like