30 പന്തില്‍ അനായാസം 80 റണ്‍സ് നേടും, ആര്‍സിബി ടീമിലെടുത്ത് അവനെ നായകനാക്കണമെന്ന് ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎ മെഗാ താരലേലം നാളെ ആരംഭിക്കാനിരിക്കെ ഇക്കാര്യത്തെ കുറിച്ച് ചൂടന്‍ ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത നടക്കുന്നത്. പല താരങ്ങളേയും ഇതിനോടകം വിവിധ ഐപിഎല്‍ ഫ്രാഞ്ചസികള്‍ റാഞ്ചി പിടിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഐപിഎല്ലിലെ മികവ് ഇന്ത്യന്‍ ടീമിലും ഭാവിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു താരത്തെക്കുറിച്ചാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. ലേലത്തില്‍ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന ബാറ്റര്‍ ഈ യുവതാരമാണെന്നും ഹര്‍ഭജന്‍ പറയുന്നു.

”ഇഷാന്‍ കിഷന്‍, ഞാന്‍ ആരാധിക്കുന്ന താരമാണ്. 30 പന്തുകളില്‍ 70-80 റണ്‍സ് അനായാസം നേടാന്‍ കെല്‍പ്പുള്ള താരം. വരും കാലങ്ങളില്‍ വലിയ താരമാകാന്‍ സാധ്യതയുള്ള കളിക്കാരന്‍. ഇത്തരം കളിക്കാരെ ടീമിലെടുക്കുമ്പോള്‍ നായകന്റെ ചുമതലയും നല്‍കണം. പ്രായം കൂടിവരുമ്പോള്‍ ഉത്തരവാദിത്വങ്ങളും വര്‍ധിക്കും. ഇഷാന്‍ ഝാര്‍ഖണ്ഡിന്റെ നായകനാണ് നിലവില്‍. ആര്‍സിബി തീര്‍ച്ചയായും ഇഷാനെ നോട്ടമിട്ടിട്ടുണ്ടാകണം,” ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

”ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള കളിക്കാരനാണ്. ഈ കഴിവ് എല്ലാ താരങ്ങള്‍ക്കുമുള്ള ഒന്നല്ല. ഇന്നത്തെ കാലത്ത് തുടക്കത്തിലെ ബോളര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കാറുണ്ട്. ഇഷാന്‍ സ്ഥിരതയോടെ ഇത് ചെയ്യുന്ന താരമാണ്. ഇഷാന് ഉയര്‍ന്ന് വരാന്‍ ഒരുപാട് സാധ്യതയുണ്ട്,” ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20യിലുമാണ് ഇഷാന്‍ കളത്തിലിറങ്ങിയിട്ടുള്ളത്. രണ്ട് അര്‍ദ്ധ സെഞ്ചുറി നേടിയിട്ടുമുണ്ട്. ഇരു ഫോര്‍മാറ്റുകളിലും താരത്തിന്റെ പ്രഹരശേഷി 100 ന് മുകളിലാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 56 ഇന്നിങ്‌സുകളില്‍ നിന്ന് 1,452 റണ്‍സാണ് സമ്പാദ്യം.