റയൽ മാഡ്രിഡിലെത്തിയപ്പോൾ ഹസാർഡിന് വയസായ പോലെ തോന്നി, ഇപ്പോഴത്തെ അവസ്ഥ വിഷമിപ്പിക്കുന്നുവെന്നു മുൻ ചെൽസി താരം

റയൽ മാഡ്രിഡിൽ പരിക്കു മൂലം ബുദ്ദിമുട്ടനുഭവിക്കുന്ന സൂപ്പർതാരമാണ് ഈഡൻ ഹസാർഡ്. 2019ൽ ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ശേഷം നിരന്തരമായ പരിക്കുകൾ താരത്തെ ഏകദേശം ഒരു സീസൺ തന്നെ പുറത്തിരിക്കേണ്ടി വന്നിരുന്നു. 2018ൽ ക്രിസ്ത്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് ചേക്കേറിയതിനു പിന്നാലെ ഹസാർഡിനെ റയൽ മാഡ്രിഡ്‌ നോട്ടമിട്ടിരുന്നുവെങ്കിലും ഒരു സീസൺ കൂടി ചെൽസിയിൽ തന്നെ താരം തുടരുകയായിരുന്നു.

എന്നാൽ 2018ൽ തന്നെ ഹസാർഡിനെ റയൽ മാഡ്രിഡ്‌ സ്വന്തമാക്കേണ്ടതായിരുന്നുവെന്നാണ് മുൻ റയൽ സരഗോസ/ചെൽസി മിഡ്‌ഫീൽഡരായിരുന്ന ഗസ് പോയെറ്റിന്റെ അഭിപ്രായം. നിലവിലെ താരത്തിന്റെ അവസ്ഥയിൽ വളരെയധികം വിഷമമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്പാനിഷ് മാധ്യമമായ മാർക്കക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

“ഇതെന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്. ക്രിസ്ത്യാനോ പോയ സമയമായിരുന്നു ഇവനെ പകരക്കാരനായി കൊണ്ടുവരേണ്ടിയിരുന്നത്. ആ സീസൺ ചെൽസിയിലെ അവന്റെ മികച്ച സീസൺ ആയിരുന്നു. എന്നാൽ അതിനു ശേഷം റയലിലേക്ക് വന്നപ്പോൾ അവനു പെട്ടെന്നു വയസായതു പോലെ തോന്നി. കളിശൈലിയോ മനോഭാവമോ ആണ് താരത്തിന്റെ പ്രശ്നമെന്നു എനിക്ക് തോന്നുന്നില്ല. ശാരീരികമായ പ്രശ്നങ്ങളാണെന്നെ ഞാൻ പറയുള്ളൂ.

“ശാരീരികമായ പ്രശ്നങ്ങൾക്കാണ് അവനു വലിയ വിലകൊടുക്കേണ്ടി വന്നത്. അതാണ് അവന്റെ തിരിച്ചു വരവിനു തടസ്സമായി നിൽക്കുന്നത്. ഇതു വരെയും അവന്റെ മികവിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല. ഒരു പരിശീലകന് കിട്ടുന്ന ഏറ്റവും മികച്ച സാഹചര്യമെന്നത് അവരുടെ താരങ്ങൾക്ക് അധികം പ്രശ്നങ്ങളില്ലാതെ കളിക്കാനാവുകയെന്നതാണ്. ഹാസർഡ് അങ്ങനെയായിരുന്നുവെന്നു തോന്നുന്നില്ല. അവൻ അവന്റെ വെറും 60% മാത്രമേ റയലിൽ മികവ് കാണിച്ചിട്ടുള്ളു. അത് സിദാന്റെ പ്രശ്നമാണെന്ന് തോന്നുന്നില്ല. എല്ലാ വെല്ലുവിളികളിൽ നിന്നുമുള്ള തിരിച്ചു വരവിലാണ് താരമെന്നേ പറയാനാകുകയുള്ളു.” പോയെറ്റ് പറഞ്ഞു.

You Might Also Like