റയലിനൊപ്പം കഴിഞ്ഞത് ഏറ്റവും മോശം സീസൺ, തുറന്നടിച്ച് ഹസാർഡ്

തന്റെ കരിയറിലെ ഏറ്റവും മോശം സീസണാണു റയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞതെന്ന് ബെൽജിയൻ താരം ഇഡൻ ഹസാർഡ്. ചെൽസിയിൽ നിന്നും സീസണിന്റെ തുടക്കത്തിൽ നൂറു ദശലക്ഷം യൂറോക്കാണ് ഹസാർഡ് റയൽ മാഡ്രിഡിലേക്കു ചേക്കേറിയത്. ഹസാർഡും സിദാനും ഏറെ ആഗ്രഹിച്ച ട്രാൻസ്ഫറായിരുന്നു അതെങ്കിലും പ്രതീക്ഷിച്ച പ്രകടനം താരത്തിനു പുറത്തെടുക്കാൻ കഴിഞ്ഞില്ല.

പരിക്കു മൂലം സീസണിൽ കുറച്ചു കാലം പുറത്തിരിക്കേണ്ടി വന്നെങ്കിലും കളത്തിലിറങ്ങിയപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനു കഴിഞ്ഞില്ല. ഇരുപത്തിയൊന്നു മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമാണ് ഹസാർഡ് നേടിയത്. അക്കാരണം കൊണ്ടു തന്നെയാണ് ഇതു കരിയറിൽ തന്റെ ഏറ്റവും മോശം സീസണാണെന്ന് താരം തുറന്നടിച്ചത്.

ടീമുമായി ഒരുമിച്ച് കിരീടം നേടാൻ കഴിഞ്ഞെങ്കിലും തന്റെ കരിയറിലെ ഏറ്റവും മോശം സീസണാണ് ഇതെന്ന് ഫ്രാൻസ് ഇൻഫോയോട് സംസാരിക്കുമ്പോൾ ഹസാർഡ് പറഞ്ഞു. അതേ സമയം പരിശീലകൻ സിദാനെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഹസാർഡ്. കളിക്കാരനെന്ന നിലയിൽ മികവു കാണിച്ച സിദാൻ ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനായി മാറിയെന്ന് ഹസാർഡ് പറഞ്ഞു.

റയലിന്റെ മികവിനു പിന്നിൽ ബെൻസിമ, വരാൻ, റാമോസ്, മെൻഡി എന്നീ താരങ്ങളുടെ സാന്നിധ്യമാണെന്നും ഹസാർഡ് വെളിപ്പെടുത്തി. ഇനി ചാമ്പ്യൻസ് ലീഗാണു മുന്നിലുള്ളതെന്നും അതിൽ വിജയം നേടാൻ കഴിഞ്ഞാൽ സീസൺ മികച്ചതായി കരുതാൻ കഴിയുമെന്നും ഹസാർസ് പറഞ്ഞു.

You Might Also Like