ഒടുവില്‍ സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ച് പാകിസ്ഥാന്‍, ഇന്ത്യയെ തകര്‍ക്കാന്‍ വജ്രായുധത്തിന്റെ സര്‍പ്രൈസ് എന്‍ട്രി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നേരിടാനനൊരൂങ്ങുന്ന പാകിസ്ഥാന് ഏറെ തിരിച്ചടിയായിരുന്നു അവരുടെ പേസ് ബൗളര്‍മാരായ ഷഹീന്‍ അഫ്രീദിയുടേയും മുഹമ്മദ് വസീമിന്റേയും പരിക്ക്. ഷഹീന്‍ നേരത്തെ തന്നെ കളിക്കില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വസീം ടീം ദുബൈയിലെത്തിയ ശേഷമാണ് പിന്മാറിയത്.

നടുവിന് പരിക്കേറ്റതാണ് മുഹമ്മദ് വസീം ജൂനിയര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറാന്‍ കാരണം. ഇതോടെ പകരം ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഹസന്‍ അലിയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അന്തിമാനുമതി ലഭിച്ചാല്‍ ഹസന്‍ അലിയെ പകരക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

പരിശീലനത്തിനിടെ പന്തെറിയുമ്പോഴാണ് വസീമിന്റെ നടുവിന് പരിക്കേറ്റത്. പ്രാഥമിക പരിശോധനകള്‍ക്കുശേഷം വസീമിനെ എംആര്‍ഐ സ്‌കാനിംഗിനും വിധേയനാക്കിയിരുന്നു. തുടര്‍ന്നാണ് വസീമിന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായത്. ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാന്‍ പര്യടനത്തിന് മുമ്പ് വസീം പരിക്കില്‍ നിന്ന് മോചിതനാകുമെന്നാണ് പാക് ടീമിന്റെ പ്രതീക്ഷ.

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പുറത്തായതിന് പിന്നാലെ വസീമിനും പരിക്കേറ്റത് പാകിസ്ഥാന് ഇരട്ടപ്രഹമാണ്. ദുബായില്‍ എത്തിയ ശേഷം ടീമിന്റെ മൂന്ന് പ്രാക്ടീസ് സെഷനുകളിലും മുഹമ്മദ് വസീം പങ്കെടുത്തിരുന്നു.

 

You Might Also Like