ഒടുവില്‍ ഇന്ത്യയ്ക്ക് ഒരു സന്തോഷ വാര്‍ത്ത, വന്‍ ആശ്വാസം
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനിടെ ചുമലിന് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് സൂചന. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതെസമയം ഹാര്‍ദ്ദിക്കിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരുകയാണെന്നും പരിശീലന സെഷനുകളില്‍ ഹാര്‍ദ്ദിക്കിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന മാനേജുമെന്റ് നിരീക്ഷിച്ചുവരുകയാണെന്നുമാണ് പുറത്ത് വരുന്ന സൂചന.
‘ഹര്‍ദിക്കിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. രണ്ട് മത്സരങ്ങള്‍ക്കിടെ ആറ് ദിവസത്തെ ഇടവേളയുള്ളത് പരിക്ക് മാറാന്‍ താരത്തിന് സഹായമാകും. എങ്കിലും പരിശീലന സെഷനുകളില്‍ താരം എങ്ങനെയായിരിക്കും എന്ന കാര്യം മെഡിക്കല്‍ സംഘം നിരീക്ഷിക്കും’ എന്നും ബിസിസിഐയിലെ മുതിര്‍ന്ന അംഗം പിടിഐയോട് പറഞ്ഞു.
പാകിസ്ഥാനെതിരെ ബാറ്റിംഗിനിടെ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഷോട്ട് പായിക്കാന്‍ ശ്രമിക്കുന്നതിനിടേയാണ് തോളിന് ഹാര്‍ദ്ദിക്കിന് പരിക്കേറ്റത്. പിന്നാലെ സ്‌കാനിംഗിന് താരത്തെ വിധേയനാക്കുകയായിരുന്നു. മത്സരത്തില്‍ എട്ട് പന്തില്‍ 11 റണ്‍സേ താരം നേടിയുള്ളൂ. ഹര്‍ദിക്കിന് പകരം ഇഷാന്‍ കിഷനേയാണ് ഇന്ത്യ ഫില്‍ഡിംഗിന് ഇറക്കിയത്.
ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് വലിയ ചര്‍ച്ചയായിരുന്നു. പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ദിക് സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. എന്നിട്ടും അദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കുകയായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ ഒരു പന്ത് പോലും പാണ്ഡ്യ എറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഫിനിഷറുടെ റോളിലാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്.