ഹർദിക് പാണ്ട്യ ബാറ്റിംഗിൽ കൊണ്ടുവരുന്ന ആ ‘ഇടിവെട്ട്’ ഫീൽ വേറെയാണ്; മറ്റാർക്കും അതിന് കഴിയില്ല

Image 3
CricketTeam IndiaWorldcup

ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തരക്കേടില്ലാത്ത രീതിയിലാണ് തുടങ്ങിയത്. ഇന്ത്യൻ ഇന്നിംഗ്‌സിൽ 12-ാം ഓവറിൽ ഋഷഭ് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, 180 എന്ന നിലയിലേക്ക് പോലും ഇന്ത്യ എത്തുമോ എന്ന ആശങ്ക ഒരുഘട്ടത്തിൽ നിലനിന്നിരുന്നു. പിച്ചിന്റെ അവസ്ഥ നേരത്തെയുള്ള മത്സരങ്ങളിൽ നിന്നും തീർത്തും വിരുദ്ധമായിരുന്നു. പന്ത് ബാറ്റിലേക്ക് ഒഴുകിവരുന്ന പിച്ചൊന്നുമായിരുന്നില്ല ഇന്നത്തേത്. അതിനാൽ തന്നെ, 180 എന്ന നിലയിൽ എത്തിയാൽ തന്നെ ഇന്ത്യ തൃപ്തരാകുമായിരുന്നു. എന്നാൽ, 27 പന്തിൽ നിന്ന് 50 റൺസെടുത്ത ഹാർദിക് പാണ്ഡ്യ, ഇന്ത്യയെ 196 എന്ന ഭീമൻ സ്കോറിലെത്തിച്ചു, ബംഗ്ലാദേശിന് അപ്രാപ്യമായ ഒന്ന്.

പാണ്ട്യക്കൊപ്പം നിർണായക കൂട്ടുകെട്ട് പടുത്ത ശിവം ദുബെയുടെ ബാറ്റിംഗ് തുടക്കത്തിൽ അത്ര ഒഴുക്കുള്ളതായിരുന്നില്ല. ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിൽ അദ്ദേഹം നേടിയ രണ്ട് സിക്‌സറുകൾ സ്ട്രൈക്ക് റേറ്റ് (141.67) ഉയർത്തിയെങ്കിലും തന്റെ സ്വാഭാവിക ശൈലിയിൽ ബാറ്റ് വീശാൻ ദുബെയ്ക്ക് കഴിഞ്ഞില്ല എന്നത് സത്യമാണ്. ഹാർദിക് പാണ്ഡ്യയുടെ ഗംഭീര ഇന്നിങ്‌സാണ് ദുബെയുടെ മേൽ സമ്മർദ്ധം ഇല്ലാതാക്കിയത്.
ശിവം ദുബെയുടെ ബാറ്റിങ്ങിനെ പറ്റി പറയുന്നത് ക്രൂരമായേക്കാം.. എന്നാൽ, ഹാർദിക് പാണ്ഡ്യയുടെ മികവ് വ്യക്തമാക്കാൻ ഇതിലും നല്ല ഉദാഹരണം വേറെയില്ല. പന്തുകൾ തന്റെ ഹിറ്റിംഗ് ആർക്കിലും സ്ലോട്ടിലും വരുമ്പോൾ മാത്രമേ ദുബെക്ക് വലിയ ഷോട്ടുകൾ കളിക്കാൻ കഴിഞ്ഞുള്ളൂ. മറ്റ് സമയങ്ങളിൽ, പന്തുകൾ അദ്ദേഹത്തിന്റെ കംഫർട്ട് സോണിൽ നിന്ന് അൽപ്പം അകന്നപ്പോൾ, അവ മിസ്‌ടൈം ചെയ്‌തു. എന്നാൽ പാണ്ഡ്യ അങ്ങനെയായിരുന്നില്ല.

പതിനെട്ടാം ഓവറിൽ റിഷാദ് ഹൊസൈൻ എറിഞ്ഞ ലെഗ് സ്‌പിന്നിൽ പാണ്ഡ്യ അടിച്ച സിക്സർ, ബാറ്റ്‌സ്‌മാന്റെ കരുത്തിനും ബംഗ്ലാദേശിന്റെ പിഴവിനും ഉദാഹരണമാണ്. റിഷാദിന്റെ ആക്ഷൻ സാധാരണ ലെഗ് സ്പിന്നർമാരിൽ നിന്ന് വ്യത്യസ്തമായിരുന്നു, പന്തെറിയുന്ന കൈ മിക്കവാറും തലയ്ക്ക് മുകളിലൂടെ വരുന്ന രീതിയിൽ. എന്നാൽ ഇത്തരം ആക്ഷനുള്ള മറ്റ് ചില ലെഗ് സ്പിന്നർമാരിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിന് മികച്ചസ് ലെഗ് ബ്രേക്ക് കൈമുതലായുണ്ട്.
അൽപ്പം ഫുൾ ആയി എറിഞ്ഞ പന്തിൽ പാണ്ട്യയുടെ ജഡ്ജ്മെന്റ് അപാരമായിരുന്നു. ക്രീസിൽ നിന്ന് അധികം മുന്നോട്ട് വരാതെ, മുൻകാൽ വഴിയിൽ നിന്ന് മാറ്റി, അനായാസമായി ബാറ്റ് സ്വിങ് ചെയ്ത പാണ്ഡ്യ പന്ത് ബൗണ്ടറി കടത്തി.

ഒരു സ്ലോവർ ഓഫ് കട്ടർ ഉപയോഗിച്ച് വിരാട് കോഹ്‌ലിയെ പുറത്താക്കിയ തൻസിം ഹസൻ, 19-ാം ഓവറിൽ പാണ്ഡ്യയ്‌ക്കെതിരെ അതേ പന്ത് പരീക്ഷിച്ചെങ്കിലും ഫലിച്ചില്ല. വിരാടിൽ നിന്നും വ്യത്യസ്തമായി മുൻപോട്ട് ചാർജ് ചെയ്യാതെ തന്നെ പാണ്ട്യ ലോങ്ങ്-ഓൺ സ്റ്റാൻഡിൽ പന്തെത്തിച്ചു. പാണ്ഡ്യ എങ്ങനെയോ ആ ഫ്ലാറ്റ്-ബാറ്റ് ഷോട്ടിൽ ഒരു ഇടിവെട്ട് ഫീൽ കൊണ്ടുവരുന്നുണ്ട്. പലപ്പോഴും അയാൾ ഉണ്ടാക്കുന്ന ഈ ഇടിവെട്ട് ഇഫക്ട് ദുബെയ്ക്ക് കൊണ്ടുവരാൻ കഴിയുന്നില്ല. ഇത്തരത്തിലുള്ള ഒരു മികവും ഒഴുക്കും ദുബെയുടെ ബാറ്റിങ്ങിൽ ദൃശ്യമല്ല. നല്ല ബൗളിംഗ് ഉപയോഗിച്ച് കെട്ടിയിടാൻ എളുപ്പമാണെന്ന് കാണുന്നവർക്ക് തോന്നും. എന്നാൽ പാണ്ട്യ അങ്ങനെയല്ല, നേരെ വിപരീതമാണ്.

മൈതാനത്തിന് കുറുകെ വീശിയടിച്ച ശക്തമായ കാറ്റിനെ ഫലപ്രദമായി ഉപയോഗയോപെടുത്തിയത് ഇരുത്തം വന്ന ഒരു കളിക്കാരന്റെ പരിചയസമ്പത്തിന്റെ ഗുണമാണ്. 15-ാം ഓവറിലെ മെഹ്ദി ഹസന്റെ ഒരു ഹാഫ് ട്രാക്കർ എക്‌സ്‌ട്രാ കവറിന് മുകളിലൂടെ എളുപ്പത്തിൽ ഒരു സിക്‌സിന് പഞ്ച് ചെയ്തത് ഉദാഹരണം, പന്ത് കാറ്റിനൊപ്പം പോയി. അവസാന ഓവറിൽ, മുസ്തഫിസുർ റഹ്മാൻ ഫുൾ ബോൾ ഓഫ് ലൈനിന് വെളിയിൽ പാണ്ഡ്യയ്‌ക്കെതിരെ പരീക്ഷിച്ചു, അദ്ദേഹം ആദ്യത്തേത് എഡ്ജ് ചെയ്യുകയും നാലാമത്തെ പന്ത് തേർഡ്മാൻ ബൗണ്ടറിയിലേക്ക് സ്ലൈസ് ചെയ്യുകയും ചെയ്തു. റഹ്മാൻ അവസാന പന്തിൽ വീണ്ടും ശ്രമിച്ചപ്പോൾ, പാണ്ഡ്യ തേർഡ്മാൻ ബൗണ്ടറിയിലേക്ക് വീണ്ടും ഷോട്ട് പായിച്ചു.