ഇന്ത്യന്‍ ക്രിക്കറ്റില്‍ അനീതി നടന്നിരിക്കുന്നു, അയാളോട് ചെയ്തത് പൊറുക്കാനാകില്ല, തുറന്നടിച്ച് ഇന്ത്യന്‍ താരം

Image 3
CricketFeaturedTeam India

ശ്രീലങ്കന്‍ പര്യടനത്തിനുള്ള വൈറ്റ്-ബോള്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുത്ത ശേഷമുളള ആദ്യ ടീം പ്രഖ്യാപനമാണ് വെള്ളിയാഴ്ച്ച നടന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി എന്നതാണ്. കഴിഞ്ഞ മാസം രോഹിത് ശര്‍മ്മ ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം നേതൃപദത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് കരുതിയിരുന്ന താരമാണ് ഹാര്‍ദിക്.

അതെസമയം ഹാര്‍ദ്ദിക്കിനെ പുറത്താക്കാനുളള ഈ തീരുമാനം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് അത്ര രുചിച്ചിട്ടില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ അനുഭവ സമ്പത്തുളള ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ഇന്ത്യന്‍ ടീം മാനേജുമെന്റിന് പിന്തുണയ്ക്കാമായിരുന്നെന്നാണ് കൈഫിന്റെ അഭിപ്രായം. ക്യാപ്റ്റന്‍സി സ്ഥാനത്തിന് അര്‍ഹനാകാതിരിക്കാന്‍ ഹാര്‍ദ്ദിക് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൈഫ് അഭിപ്രായപ്പെട്ടു.

‘ഹാര്‍ദിക് രണ്ട് വര്‍ഷമായി ഗുജറാത്ത് ടൈറ്റാന്‍സിനെ നയിക്കുന്നു, ആദ്യ വര്‍ഷത്തില്‍ തന്നെ അവര്‍ കിരീടത്തിലെത്തി. പിന്നെ ഫൈനലിലെത്തി… ഹാര്‍ദിക്കിന് ടി20 ടീമിനെ നയിക്കുന്നതില്‍ പരിചയമുണ്ട്. ടി20 ലോകകപ്പില്‍ അദ്ദേഹം വൈസ് ക്യാപ്റ്റനുമായിരുന്നു’ കൈഫ് പറഞ്ഞു.

‘ഇപ്പോള്‍, ഒരു പുതിയ പരിശീലകന്‍ എത്തി. അദ്ദേഹത്തിന്റെ പുതിയ ആസൂത്രണങ്ങള്‍ ഉണ്ടാകും. സൂര്യയും നല്ല കളിക്കാരനാണ്, അദ്ദേഹം വര്‍ഷങ്ങളായി കളിക്കുന്നു. അദ്ദേഹം നമ്പര്‍ 1 ടി20 കളിക്കാരനാണ്, ക്യാപ്റ്റന്റെ ഉത്തരവാദിത്തം അദ്ദേഹം നന്നായി നിറവേറ്റുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, അവര്‍ ഹാര്‍ദിക്കിനെ പിന്തുണയ്ക്കണമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു’ കൈഫ് പറഞ്ഞു.

‘ഗംഭീര്‍ ഒരു പരിചയസമ്പന്നനായ ക്യാപ്റ്റനും പരിശീലകനുമാണ്… അദ്ദേഹത്തിന് ക്രിക്കറ്റ് നന്നായി അറിയാം. എങ്കിലും ക്യാപ്റ്റന്‍സി ലഭിക്കാത്ത വിധത്തില്‍ ഹാര്‍ദിക് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഞാന്‍ കരുതുന്നു’ കൈഫ് കൂട്ടിച്ചേര്‍ത്തു.