ഹാര്‍ദ്ദിക്കിനെ മുംബൈ ഇന്ത്യന്‍സും പുറത്താക്കുന്നു, നിലനിര്‍ത്തുന്ന താരങ്ങള്‍ ഇവരാണ്

ഒടുവില്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ഒഴിവാക്കുന്നു. അടുത്ത മെഗാ ലേലത്തിന് മുന്നോടിയായി നിലനിര്‍ത്താനുളള താരങ്ങളുടെ പട്ടികയില്‍ ഹാര്‍ദ്ദിക്ക് പാണ്ഡയെ ഉള്‍പ്പെടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ഇത്തണത്തെ മെഗാ ലേലത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഹാര്‍ദ്ദിക്കിന്റെ നിലവിലെ ഫോമാണ് മുംബൈ ഇന്ത്യന്‍സിനെയും ആശങ്കയിലാഴ്ത്തുന്നത്.

നിലവില്‍ മെഗാലേലത്തിന് മുമ്പ് മൂന്ന് ഇന്ത്യന്‍ താരത്തേയോ, ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം ഇന്ത്യന്‍- വിദേശ താരത്തേയോ ആണ് ഓരോ ഐപിഎല്‍ ടീമിനും നിലനിര്‍ത്താന്‍ അവകാശമുളളത്. മുംബൈ ഇന്ത്യന്‍സിന്റെ ഈ പട്ടികയില്‍ നിന്നാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്താകുന്നത്.

നേരത്തെ രോഹിത്ത് ശര്‍മ്മ, ജസ്പ്രിത് ഭുംറ, കീറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവരെയാണ് മുംബൈ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഹാര്‍ദ്ദിക്കിനെ ഒഴിവാക്കുകയാണെങ്കില്‍ പകരം സൂര്യകുമാര്‍ യാദവിനേയോ, ഇഷാന്‍ കിഷനേയോ ആ സ്ഥാനത്തേയ്ക്ക് മുംബൈ പരിഗണിയ്ക്കും.

അടുത്ത ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടിയുണ്ടെന്ന പ്രത്യേകതയുണ്ട്. ലഖ്‌നൗവും അഹമ്മദാബാദും ആണ് പുതിയ ടീമുകള്‍. ഹാര്‍ദ്ദിക്കിനെ മുംബൈ ഒഴിവാക്കുകയാണെങ്കില്‍ ഈ രണ്ട് ടീമുകളില്‍ ഏതെങ്കിലും ഒന്നിലാകും ഹാര്‍ദ്ദിക്ക് കളിക്കാന്‍ സാധ്യത കൂടുതല്‍.

നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലുളള ഹാര്‍ദ്ദിക്ക് മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഇതുവരെ പന്തെറിയാന്‍ കഴിയാതിരുന്ന താരം നിലവില്‍ ഏറെ പ്രയാസത്തോടെയാണ് ഒരോ മത്സരവും കൡയ്ക്കുന്നത്.

You Might Also Like